തിരുവനന്തപുരം:  സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്  (Local Body Election) നടത്തുന്നതിന് തടസമില്ലെന്ന്  വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നും തിയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന്  ഇതുവരെ  ഒരു  രാഷ്ട്രീയ പാര്‍ട്ടിയും  ആവശ്യപ്പെട്ടിട്ടില്ലെന്നും  അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.


"ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് അഭിപ്രായം. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായി വരുമ്പോള്‍ ചെലവ് കൂടും. തിരഞ്ഞെടുപ്പ്   പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കു൦",  തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.


വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  മുന്നിലുണ്ട്. പ്രചരണത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Also read: Local Body Election: അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും


പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള  തിരഞ്ഞെടുപ്പിന് എന്തൊക്കെ അനിവാര്യമാണ്   എന്ന  കാര്യത്തില്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി.  ആരോഗ്യ വകുപ്പ് ഡയറക്ടറും ആരോഗ്യ വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുത്തു.


സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്ന അവസരത്തിലും  തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍  തന്നെ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്   തിരഞ്ഞെടുപ്പ് കമ്മീഷന്‍. 


തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം സര്‍ക്കാരും സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷനും ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.


നവംബര്‍ 12ന് മുന്‍പ് പുതിയഭരണ സമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്.  അതിനാല്‍, ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മീഷന്‍.