തിരുവനന്തപുരം:  രാജ്യത്ത് lock down നാലാംഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ പുതിയ നിർദേശങ്ങളും ഇളവുകളും സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതനുസരിച്ച് 50% നിരക്ക് വര്‍ദ്ധനയോടെ ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 


സാര്‍വത്രികമായ പൊതുഗതാഗം ഉടന്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര സര്‍വീസുകള്‍ കര്‍ശനമായ നിബന്ധനകളോടുകൂടി ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു.  ഒരു ബസിൽ 24 യാത്രക്കാരെ വരെ മാത്രമേ  അനുവദിക്കൂവെന്നും എല്ലാ യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ് എന്നും  മന്ത്രിസഭാ യോഗ തീരുമാനത്തെ അടിസ്ഥാനമാക്കി  അദ്ദേഹം അറിയിച്ചിരുന്നു. 


എന്നാല്‍, സര്‍ക്കാരിന്‍റെ തീരുമാനത്തോട് പൂര്‍ണ്ണ വിയോജിപ്പാണ് സ്വകാര്യ ബസുടമകള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ബസുകള്‍ ഓടിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാനാവില്ലെന്നാണ് സ്വകാര്യ ബസുടമകള്‍  പറയുന്നത്. 40% ആളുകളുമായി സര്‍വീസ് നടത്താനാവില്ലെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് ഇരട്ടി ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസുടമകള്‍ പറയുന്നു. 


അതേസമയം,  നാളെ മുതല്‍ KSRTC ബസുകള്‍ ഓടി തുടങ്ങും. 50% നിരക്ക് വര്‍ധനവോടെയാകും സര്‍വീസുകള്‍. യാത്ര സൗജന്യമുള്ള വിഭാഗങ്ങളും നിരക്കിന്‍റെ പകുതി നല്‍കണം.  ബസുകളുടെ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സാവകാശം വേണ്ടതിനാലാണ് സര്‍വീസുകള്‍ നാളെമുതല്‍  ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.