പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ കര്‍ശന നടപടി: ലോക്‌നാഥ് ബെഹ്‌റ
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്‍ രാജ്യത്താകമാനം 21 ദിവസത്തെ Lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്‍ രാജ്യത്താകമാനം 21 ദിവസത്തെ Lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ഇതേതുടര്‍ന്ന്, അനാവശ്യമായി നിരത്തിലിറങ്ങുന്ന ആളുകളെ പറഞ്ഞു മനസ്സിലാക്കാനും നിയന്ത്രിക്കാനും പോലീസും രംഗത്തുണ്ട്.
അതേസമയം, കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കാതെ തെരുവില്‍ ഇറങ്ങുന്നവരെ പോലീസ് കര്‍ശനമായി കൈകാര്യം ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ പലയിടങ്ങളില്‍നിന്നും പുറത്തു വന്നിരുന്നു. ഒപ്പം പോലീസിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു.
അതേത്തുടര്‍ന്ന്, പോലീസിനും കര്‍ശന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരിക്കുന്നത്.
പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുത്തുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം. കൂടാതെ, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം വാഹന രേഖകള്‍ പരിശോധിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൂടാതെ, പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അത്തരം സംഭവങ്ങള്‍ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാല്‍ വിതരണക്കാര്‍, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.
അടച്ചുപൂട്ടലിന്റെ ഈ പ്രത്യേക ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്‍റെയും ഉത്തരവാദിത്തമാണെന്നും സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.
പോലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി സൂചിപ്പിച്ച അദ്ദേഹം മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പോലീസ് പരമാവധി ശ്രമിക്കണമെന്നും നിര്‍ദ്ദേശിച്ചു.