തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കേരളം രണ്ട് ഉപതിരഞ്ഞെടുപ്പുകളിലേക്ക് പോകുമെന്ന നിലയിലാണ് കാര്യങ്ങള്‍. വടകരയില്‍ ഷാഫി പറമ്പിലും ആലത്തൂരില്‍ കെ രാധാകൃഷ്ണനും ജയിച്ചാല്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പാലക്കാട് നിന്നുള്ള എംഎല്‍എ ആണ് ഷാഫി പറമ്പില്‍. കെ രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലയിലെ ചേലക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും. അതുപോലെ തന്നെയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാര്യവും. സിപിഎമ്മിന്റെ വര്‍ക്കല എംഎല്‍എ ആയ വി ജോയും സിറ്റിങ് എംപിയായ അടൂര്‍ പ്രകാശും തമ്മില്‍ അതി ശക്തമായ മത്സരം ആണ് നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലം ആയിരുന്നു പാലക്കാട്. ഷാഫി പറമ്പിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച മെട്രോമാന്‍ ഇ ശ്രീധരനും തമ്മിലായിരുന്നു അവിടെ മത്സരം. വെറും 3859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ഷാഫി പറമ്പിലിന്റെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സിപി പ്രമോദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ഘട്ടത്തില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചതുകൊണ്ടാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്ന ആക്ഷേപം ബിജെപി ഉയര്‍ത്തുകയും ചെയ്തിരുന്നു.


പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ കേരള നിയമസഭയിലും ബിജെപി അക്കൗണ്ട് തുറക്കുന്ന സാഹചര്യം തള്ളിക്കളയാന്‍ ആവില്ല. ഷാഫി പറമ്പില്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്ക് പാലക്കാട് പോലുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ആകുമോ എന്നതും സംശയമാണ്.


2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഷാഫി തന്നെ ആയിരുന്നു വിജയി. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ തീപ്പൊരി നേതാവായ ശോഭാ സുരേന്ദ്രനും. പതിനേഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്വന്തമാക്കിയെങ്കിലും നാല്‍പതിനായിരത്തില്‍ അധികം വോട്ടുകള്‍ ശോഭ സുരേന്ദ്രന്‍ പിടിച്ചെടുത്തിരുന്നു. സിപിഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസ് അന്ന് മൂന്നാം സ്ഥാനത്തായിരുന്നു.


ഇത്തവണ ആലപ്പുഴ മണ്ഡലത്തിലെ പുതുമുഖ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ആളാണ് ശോഭ സുരേന്ദ്രന്‍. ഉതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ പോലെ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തിയാല്‍ പാലക്കാട് ബിജെപിയ്ക്ക് പ്രതീക്ഷിക്കാനുള്ള വക ഏറെയാണ് എന്നാണ് വിലയിരുത്തല്‍. 2016 ല്‍ കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപിയ്ക്ക്, 2021 ല്‍ ഒരു സീറ്റ് പോലും വിജയിക്കാനാകാതെ പോയത് വലിയ തിരിച്ചടി ആയിരുന്നു. ഇത്തവണ ലോക്‌സഭയിലും അക്കൗണ്ട് തുറക്കും എന്ന് ഉറപ്പായ സ്ഥിതിയ്ക്ക് പാലക്കാടിന്റെ കാര്യത്തില്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ചുള്ള പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.


ഉപതിരഞ്ഞെടുപ്പ് ഉറപ്പായ മറ്റൊരു മണ്ഡലം തൃശൂര്‍ ജില്ലയിലെ ചേലക്കരയാണ്. മന്ത്രി കൂടിയായ കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയം ഉറപ്പിച്ചിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ കുത്തക മണ്ഡലം ആണ് ചേലക്കര. അതുകൊണ്ട് സിപിഎമ്മിനെ സംബന്ധിച്ച് ഈ ഉപതിരഞ്ഞെടുപ്പ് ഒരു വെല്ലുവിളി ഉയര്‍ത്തുന്നില്ല. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.