Lok Sabha Elections 2024: മോദിയും അമിത് ഷായും വരുമോ, അതോ മുരളീധരനില്‍ തൃപ്തിപ്പെടേണ്ടിവരുമോ? ലോക്‌സഭ തിരഞ്ഞെടുപ്പിന് തന്ത്രങ്ങളൊരുക്കി ബിജെപി
Lok Sabha Elections 2024: നരേന്ദ്ര മോദി ഇത്തവണ കേരളത്തിലും മത്സരിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു.
ഡല്‍ഹി/തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപി വന്‍ തന്ത്രങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയതുപോലെ ഒരു നേട്ടം ബിജെപിയും കേരളത്തില്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ആഭ്യന്തരമന്ത്രി അമിത് ഷായേയോ കേരളത്തില്‍ മത്സരിപ്പിച്ചേക്കുമെന്ന രീതിയില്‍ ആയിരുന്നു പ്രചാരണം. 2014 ല്‍, ആദ്യമത്സരത്തില്‍ നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇക്കാര്യത്തില്‍ ഇതുവരേയും ധാരണയൊന്നും ആയിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നിലവില്‍ രാജ്യസഭ എംപിമാരായ മറ്റ് നേതാക്കളേയും ദേശീയ തലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇതില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, പിയൂഷ് ഗോയൽ തുടങ്ങിയവരും ഉള്‍പ്പെടുന്നു. വി മുരളീധരൻ ആറ്റിങ്ങലിലോ തിരുവനന്തപുരത്തോ ആയിരിക്കും മത്സരിക്കുക. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും ആയിരുന്നു ബിജെപി സ്ഥാനാർത്ഥികൾ. ഇതികനം തന്നെ വി മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിലെ ജനസമ്പർക്ക പരിപാടികളിൽ സജീവവും ആണ്.
സിപിഎം വിട്ട് കോണ്‍ഗ്രസിലേക്കും പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കും പോയ എപി അബ്ദുള്ളക്കുട്ടിയ്ക്കും ഇത്തവണ നറുക്ക് വീണേക്കും. എന്നാല്‍ അബ്ദുള്ളക്കുട്ടി കേരളത്തില്‍ നിന്നായിരിക്കില്ല മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ സീറ്റ് മാത്രമുള്ള ലക്ഷദ്വീപിലായിരിക്കും അദ്ദേഹം മത്സരിക്കുക. കുറച്ച് കാലമായി ലക്ഷദ്വീപിലെ പ്രവര്‍ത്തനങ്ങളില്‍ അബ്ദുള്ളക്കുട്ടി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് അദ്ദേഹം.
കേരളത്തില്‍ നിന്ന് തരക്കേടില്ലാത്ത ഒരു വിജയം എന്നത് ബിജെപിയെ സംബന്ധിച്ച് ഇത്രനാളും നടക്കാത്ത സ്വപ്‌നം ആയിരുന്നു. അതിനൊരു മാറ്റം വരുത്തുക എന്നാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ദേശീയ തലത്തില്‍ നിന്ന് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടും കേരള നേതാക്കള്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപവും ചെറുതല്ല. കേരളത്തിലെ നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് വഴക്കും തൊഴുത്തില്‍കുത്തും ദേശീയ നേതൃത്വത്തെ സംബന്ധിച്ച് വലിയ തലവേദനയും സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ചത് 15 സീറ്റുകളില്‍ ആയിരുന്നു. നാല് സീറ്റുകള്‍ ബിജെഡിഎസിനും ഒരുസീറ്റ് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും നല്‍കി. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താല്‍ ബിജെപിയുടെ വോട്ട് വിഹിതം 13 ശതമാനം ആയിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെ മാത്രം കണക്കെടുത്താല്‍ അത് 17.1 ശതമാനം വരും. കോണ്‍ഗ്രസിന് 37.5 ശതമാനവും സിപിഎമ്മിന് 26 ശതമാനവും ആയിരുന്നു 2019 ലെ വോട്ട് വിഹിതം. ഈ കണക്കുകള്‍ പരിശോധിച്ചാല്‍, ബിജെപിയുടെ നേരിയ സാധ്യതകള്‍ തള്ളിക്കളയാന്‍ ആവില്ല.
എന്നാല്‍ ഇതോടൊപ്പം 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും കൂടി പരിശോധിക്കേണ്ടതുണ്ട്. 2016 ല്‍ ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സീറ്റ് നേടിയ ബിജെപി 2021 ല്‍ എത്തിയപ്പോള്‍ സംപൂജ്യരായി. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പകിട്ടോടെയുള്ള ഒരു വിജയവും അവര്‍ക്ക് നേടാനും ആയില്ല. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ സിപിഎമ്മിന് സാധിക്കുകയും ചെയ്തു.
2019 ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. അമേഠിയെ കൂടാതെ വയനാട് മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു എന്നാണ് പറയപ്പെടുന്നത്. വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തിന് പുറമേ, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കോണ്‍ഗ്രസിന് അനുകൂലതരംഗം ഉണ്ടാക്കാന്‍ സഹായകമാകും എന്നായിരുന്നു വിലയിരുത്തല്‍. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വലിയ ഓളമൊന്നും സൃഷ്ടിക്കാന്‍ ആയില്ലെങ്കിലും, കേരളത്തില്‍ രാഹുല്‍ തരംഗം ആഞ്ഞടിക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ ആയിരുന്നു രാഹുല്‍ ഗാന്ധി അവതരിപ്പിക്കപ്പെട്ടത്. മത്സരിച്ച 16 സീറ്റില്‍ 15 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. ബാക്കി നാല് സീറ്റുകളില്‍ ഘടകകക്ഷികളും.
ഇതേ തന്ത്രം ബിജെപി കേരളത്തില്‍ പയറ്റിയാല്‍ എന്തായിരിക്കും ഫലം എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോഴേ ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ കേരളത്തില്‍ മത്സരിക്കാന്‍ എത്തിയാല്‍, സംസ്ഥാനം മുഴുവന്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് ബിജെപിക്കാരുടെ പ്രതീക്ഷ. ശോഭാ സുരേന്ദ്രനെ പോലെ, മാറി നിൽക്കുന്ന നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഇത്തരമൊരു നീക്കം സഹായകമാകുമെന്ന് അണികൾ പ്രതീക്ഷിക്കുന്നുണ്ട്.
2019 ലെ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷയോടെ ഗോദയിലിറങ്ങിയ ഇടതുപക്ഷത്തിന് തിരിച്ചടിയായത് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമായിരുന്നു. എംപിമാരായി ലോക്‌സഭയില്‍ എത്തിയവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരിക്കും ഇത്തവണ ഇടതുപക്ഷം മത്സരിക്കാനിറങ്ങുക. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ സംഭവവികാസങ്ങളുണ്ടായാല്‍ അതിനെ എങ്ങനെ മറികടക്കാമെന്ന പദ്ധതികളും ഇടതുപക്ഷം തയ്യാറാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...