ചിറയിന്‍കീഴ്: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നത് പതിവാക്കിയ യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒടുവില്‍ യുവാവ് ജയില്‍ മോചിതനായപ്പോള്‍ അയാളോടൊപ്പം ഒളിച്ചോടി. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുവെങ്കിലും സംഭവം സത്യമാണ്. തിരുവനന്തപുരത്തെ കടയ്ക്കാവൂരിലാണ്  സംഭവം നടന്നത്.


കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പതിവായി എത്തിയിരുന്ന കടയ്ക്കാവൂര്‍ സ്വദേശിയാണ് കഥയിലെ നായിക. 


ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്ന യുവതി അവിടെയുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയായിരുന്ന പൂന്തുറ സ്വദേശിയുമായി പ്രണയത്തിലാകുകയായിരുന്നു. 


ഇയാളെ ഭര്‍ത്താവ് തന്നെയാണ് യുവതിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന യുവാവ്‌ പ്രണയം കടുത്തപ്പോള്‍ യുവതിയുമയി ഒളിച്ചോടുകയായിരുന്നു. 


ഒടുവില്‍ വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്‌. 


പരാതി ലഭിച്ച ഉടന്‍ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും മക്കളെയും യുവാവിനൊപ്പം പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. 


നാടുവിട്ട ഇവര്‍ എറണാകുളം, കോയമ്പത്തൂര്‍, പാലക്കാട്‌ എന്നിവിടങ്ങളില്‍ യാത്ര ചെയ്തുകൊണ്ടിരുന്നുവെന്ന്‍ പൊലീസ് പറഞ്ഞു.   ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പാലക്കാടുനിന്നും ഇവരെ പിടികൂടുകയായിരുന്നു. 


ശേഷം കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ യുവതിയുമായി എത്തിയ പോലീസ് വര്‍ക്കല കോടതിയില്‍ യുവതിയെ ഹാജരാക്കി.