പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അട്ടപ്പാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മധുവിന്‍റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്നും സൂചിപ്പിച്ചു. തുടര്‍ന്ന്‍ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ചശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംഭവത്തില്‍ മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി. പി കരീം എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ എന്‍. ഷംസുദീന്‍ എംഎല്‍എയുടെ സഹായിയുമുണ്ട്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.


കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഐജി എം. ആര്‍ അജിത്ത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. ഇതിനിടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.