തിരുവനന്തപുരം: അറബികടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദം ചുഴലികാറ്റായി മാറി. "മഹാ" എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലികാറ്റിന് മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് മുന്‍പ് "മഹാ" ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടുമെന്നും സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്നുമാണ് സൂചന.  


കഴിഞ്ഞ ദിവസംതന്നെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.


അതേസമയം, "മഹാ" ന്യൂനമര്‍ദ്ദം കേരള തീരം തൊടില്ല എങ്കിലും തീരദേശത്തിനോട് ചേര്‍ന്ന കടല്‍പ്രദേശത്ത് രുപം കൊണ്ട ചുഴലിക്കാറ്റിന്‍റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. കൂടാതെ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും  കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരിക്ഷണകേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.


കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മലയോര പ്രദേശങ്ങളിലും സഞ്ചാരികളെ അനുവദിക്കില്ല. ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ, തിയതികള്‍ പിന്നീട് അറിയിക്കും.