Mahatma Gandhi: കണ്ണൂരിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമയോട് അനാദരവ്; ഗാന്ധിജിയുടെ ശിൽപ്പം വികൃതമാക്കി

Mahatma Gandhi`s statue disrespected in Kannur: പ്രശസ്ത ശിൽപ്പി ഉണ്ണികാനായിയാണ് 2018ൽ പയ്യന്നൂർ നഗരസഭയ്ക്ക് വേണ്ടി ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പൂർണകായ പ്രതിമ നിർമ്മിച്ചത്.
കണ്ണൂർ: പയ്യന്നൂരിൽ രാഷ്ട്രപിതാവിന്‍റെ പ്രതിമയോട് അനാദരവ്. പയ്യന്നൂർ ഗാന്ധി പാർക്കിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കൈയ്യിൽ സാമൂഹിക വിരുദ്ധർ വടി തിരുകിക്കയറ്റി. ചിത്രകാരനും ശിൽപ്പിയും ആക്ടിവിസ്റ്റുമായ സുരേന്ദ്രൻ കൂക്കാനമാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
2018ൽ പയ്യന്നൂർ നഗരസഭയ്ക്ക് വേണ്ടി പ്രശസ്ത ശിൽപ്പി ഉണ്ണികാനായിയാണ് ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പൂർണകായ പ്രതിമ നിർമ്മിച്ചത്. 1934ൽ മഹാത്മാ ഗാന്ധി പയ്യന്നൂരിൽ സന്ദർശനം നടത്തിയതിന്‍റെ ഭാഗമായാണ് ശിൽപ്പം രൂപകൽപ്പന ചെയ്തത്. ഗാന്ധിജി പയ്യന്നൂരിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിട്ടു കണ്ട പത്മശ്രീ അപ്പുക്കുട്ട പൊതുവാളിന്‍റെ വാക്കുകളിലൂടെയാണ് ഉണ്ണികാനായി ശിൽപ്പം രൂപകൽപ്പന ചെയ്തത്. അന്ന് കൈയ്യിൽ വടി കരുതാതിരുന്ന കാലത്താണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ഇതുപ്രകാരം കൈയ്യിൽ വടിയില്ലാതെ നിൽക്കുന്ന ഗാന്ധി പ്രതിമയാണ് ഉണ്ണികാനായി നിർമ്മിച്ചത്. എന്നാൽ ശിൽപ്പത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്തിയാണ് സാമൂഹിക വിരുദ്ധർ ഗാന്ധിജിയുടെ കൈയ്യിൽ വടി തിരുകിക്കയറ്റിയത്. ശിൽപ്പം വികൃതമാക്കിയ നടപടിയിൽ ഉണ്ണികാനായി പ്രതിഷേധം അറിയിച്ചു.
ALSO READ: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
രാജ്യത്ത് ഗാന്ധി പ്രതിമകളെയും ഗാന്ധിയൻ ആശയങ്ങളെയും അവഗണിക്കുന്ന പ്രവണത വളർന്നു വരുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനും ശിൽപ്പിയും ആക്ടിവിസ്റ്റുമായ സുരേന്ദ്രൻ കൂക്കാനം പ്രതികരിച്ചു. സുരേന്ദ്രൻ കൂക്കാനമാണ് ഗാന്ധി പ്രതിമയോടുള്ള അനാദരവ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതേസമയം, സംഭവത്തിനുപിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത വിവരമറിയിച്ചതിനെ തുടർ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി വടി നീക്കം ചെയ്തു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...