മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിന് ജയിച്ചു. 45,15,325  വോട്ടുകള്‍ കുഞ്ഞാലിക്കുട്ടി നേടിയപ്പോള്‍  3,44,287  വോട്ടുകള്‍ മാത്രമാണ്എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് 65,662 വോട്ടുകള്‍ ലഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോൾ മുതൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി എതിരാളികളെ ഏറെ പിന്നിലാക്കി മുന്നേറുകയാണ്. മൂന്നു ലക്ഷത്തിലധികം വോട്ട് നേടിയ അദ്ദേഹത്തിന്‍റെ ലീഡ് 1,55,538 കടന്നു.  ഇനി ഭൂരിപക്ഷം എത്ര വർധിപ്പിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. 


പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ അഹമ്മദ് 1,94,739 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു. ഇതു മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല.


രാവിലെ എട്ടു മണിക്ക് മലപ്പുറം ഗവ. കോളജില്‍ വോട്ടെണ്ണൽ തുടങ്ങി ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു.  നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയതെങ്കിലും അവിടങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി തുടക്കം മുതൽ ലീഡ് ചെയ്തു.


ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിൽ. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തിൽ എൽഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.


ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1,175 ബൂത്തുകളിലായി 71.33 ശതമാനമായിരുന്നു പോളിംഗ്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.