Malayalam New Year 2022: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, നാളെ ചിങ്ങപ്പുലരി, ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും
ദുരിതം പെയ്തിറങ്ങിയ കര്‍ക്കിടകം വിടവാങ്ങി, ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി നാളെ ചിങ്ങം പിറക്കുന്നു.
Malayalam New Year 2022: ദുരിതം പെയ്തിറങ്ങിയ കര്‍ക്കിടകം വിടവാങ്ങി, ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി നാളെ ചിങ്ങം പിറക്കുന്നു.
ചിങ്ങമാസം എന്നാല്‍ മലയാളികള്‍ക്ക് സമൃദ്ധിയുടെ നാളുകളാണ്. ഇത്തവണ ആഗസ്റ്റ് 17 ബുധനാഴ്ചയാണ് ചിങ്ങമാസം പിറക്കുന്നത്. പഞ്ഞമാസം അല്ലെങ്കില്‍ പഞ്ഞ കര്‍ക്കിടകം എന്നാണ് വര്‍ഷത്തിലെ അവസാന മാസമായ കര്‍ക്കിടകം അറിയപ്പെടുന്നത്. കര്‍ക്കിടകം എന്നാല്‍ തോരാത്ത മഴ, ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. അതുകൊണ്ട് തന്നെ അതില്‍ നിന്നുള്ള മോചനമായാണ് മലയാളികള്‍ ചിങ്ങത്തെ കാണുന്നത്.
പുതു പ്രതീക്ഷകളോടെ മലയാളികള്‍ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ചിങ്ങമാസം 1 മലയാളികള്‍ക്ക് കര്‍ഷക ദിനം കൂടിയാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്‍റെയും സമൃദ്ധിയുടെയും മാസമാണ് ചിങ്ങം. എന്നാല്‍, ഇത്തവണ കര്‍ഷകര്‍ക്ക് ആ സന്തോഷം ഇല്ല എന്ന് തന്നെ പറയാം, കാരണം നിര്‍ത്താതെ പെയ്ത കാലവര്‍ഷം വരുത്തിയ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പാണ് ഇക്കുറി ചിങ്ങത്തിലും...
മലയാളികളുടെ ആഘോഷമായ പൊന്നോണത്തിന്‍റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്. ആഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ 7 ന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ 8 നാണ് തിരുവോണം. സെപ്റ്റംബര്‍ 9ന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ഇത്തവണ അവധിയായിരിക്കും.
ചിങ്ങപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. "കൊല്ലവര്‍ഷം 1198 ന് ആരംഭം കുറിക്കുകയും കേരളം കര്‍ഷകദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനം നമ്മെ ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന പുതുവര്‍ഷത്തിലേക്ക് ആനയിക്കട്ടെ എന്ന് ആശംസിക്കുന്നു", ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ചിങ്ങപ്പിറവി ആശംസകള്‍ നേര്‍ന്നു. "നാളെ ചിങ്ങം ഒന്ന്. കേരളത്തിനിത് കര്‍ഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.
നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കര്‍ഷക ദിനത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരുടെ സുരക്ഷിതത്വം തകര്‍ക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കര്‍ഷകര്‍ക്കു പിന്തുണ നല്‍കാനും മുന്നോട്ട് വരാന്‍ നാം തയ്യാറാകേണ്ട സന്ദര്‍ഭം കൂടിയാണിത്.
അതോടൊപ്പം ബദല്‍ കാര്‍ഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അനിവാര്യമായ പിന്തുണ ഏവരില്‍ നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാര്‍ഷിക പാരമ്പര്യം സംരക്ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവര്‍ക്കും ആശംസകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...