Safari TV : പ്രൊഫ. ടിജെ ജോസഫിന്റെ ചാനൽ പരിപാടിക്ക് നേരെ സൈബർ ആക്രമണം, കമന്റ് ബോക്സ് ഓഫ് ചെയ്തു; വിശദീകരണവുമായി സഫാരി ടിവി
Prof TJ Joseph Charithram Enniloode : പരിപാടിക്ക് നേരെ വ്യാപകമായ മതസ്പർധ വളർത്തും തലത്തിലുള്ള കമന്റുകളാണ് രൂപപ്പെട്ടത്. തുടർന്ന് ചാനൽ അധികൃതർ ചരിത്രം എന്നിലൂടെ എന്ന പരിപാടിയുടെ കമന്റു ബോക്സ് ഓഫ് ചെയ്യുകയായിരുന്നു
മലയാളം ടെലിവിഷൻ ചാനലായ സഫാരി ടിവിക്ക് നേരെ സൈബർ ആക്രമണം. ചാനലിലെ പ്രമുഖ പരിപാടിയായ ചരിത്രം എന്നിലൂടെ എന്ന ഷോയ്ക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. പരിപാടിയിൽ പ്രൊഫസർ ടിജെ ജോസഫിന്റെ എപ്പിസോഡുകൾക്ക് നേരെയാണ് സാമുദായിക സ്പർധ വളർത്തും തലത്തിലുള്ള സൈബർ ആക്രമണം ഉടലെടുത്തത്. ഇതെ തുടർന്ന് ചാനൽ അധികൃതർ പരിപാടിയുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിടാൻ നിർബന്ധിതിരായി.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി സഫാരി ടിവി ചാനൽ മേധാവി സന്തോഷ് ജോർജ് കുളങ്ങര രംഗത്തെത്തി. തങ്ങൾക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായിട്ടില്ലയെന്നും ആരും സഫാരി ചാനലിനെ ഭീഷിണിപ്പെടുത്തിട്ടില്ലയെന്നും സന്തോഷ് ജോർജ് കുളങ്ങര വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ ടിജെ ജോസഫ് അതിഥിയായി എത്തിയ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്ക് താഴെയായി രേഖപ്പെടുത്തിയിരുന്ന ചില കമന്റുകൾ സമുദായികസ്പർധ വളർത്തുന്നവയാണും അതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോമായി മാറാൻ സഫാരിക്ക് താൽപര്യമില്ലെന്നു ചാനൽ മേധാവി പറഞ്ഞു.
"സഫാരി ചാനലിന് നേരെ തീവ്രവാദി ആക്രമണം എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതായി അറിയുന്നുണ്ട്. ശരിക്കും അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. സഫാരിയെ ആരും ആക്രമിച്ചിട്ടില്ല. സഫാരിയുടെ പരിപാടികളുടെ കമന്റ് ബോക്സിൽ ആരും ചാനലിനെ ഭീഷിണിപ്പെടുത്തിട്ടില്ല.
എന്നാൽ സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പ്രൊഫ. ടിജെ ജോസഫ് അദ്ദേഹം തന്റെ ജീവിതത്തിൽ അനുഭവിച്ച ചില ദുരന്തകാലത്തിന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു. അതിൽ മതപരമായോ സാമുദായകപരമായോ ആരെയും ആക്രമിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ല. അദ്ദേഹം പോയ ഒരു കാലഘട്ടത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നു. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നവരെല്ലാം അങ്ങനെ വ്യത്യസ്തമായ ജീവിതനുഭവമുള്ളവരാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ സിനിമ പ്രവർത്തകരുണ്ട് മറ്റ് സാഹത്യമേഖലയിൽ പ്രവർത്തിക്കുന്നവരൊക്കെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരെയൊന്നും അളന്ന് തൂക്കി നോക്കിട്ടല്ല പരിപാടിയുടെ ഭാഗമാക്കിട്ടുള്ളത്. അവർക്ക് നമ്മളിൽ നിന്നും വ്യത്യസ്തമായ ജീവിതനുഭവമുണ്ടോ എന്ന് മാത്രമാണ് അവരെ പരിഗണിക്കുന്നതിൽ പ്രധാന ഘടകം.
ആ പരിപാടി അപ്ലോഡ് ചെയ്തപ്പോൾ സാമുദായികമായി ചിലർ കമന്റുകൾ രേഖപ്പെടുത്തി തുടങ്ങി. മറ്റ് സമുദായങ്ങളെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തലത്തിൽ കമന്റുകൾ കാണാൻ ഇടയായി. സഫാരി ചാനൽ ഒരു സാമുദായിക സ്പർധ വളർത്തേണ്ട പ്ലാറ്റ്ഫോം അല്ല എന്നതുകൊണ്ടു അത്തരത്തിലുള്ള കമന്റുകൾ ചാനലിന്റെ പരിപാടികൾക്ക് കീഴിൽ കാണാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് കമന്റ് ബോക്സ് ഓഫ് ചെയ്ത്. രണ്ട് മത വിഭാഗങ്ങൾക്ക് തമ്മിൽ സ്പർധയുണ്ടാക്കാനുള്ള പ്ലാറ്റ്ഫോമായി മാറാൻ സഫാരിക്ക് താൽപര്യമില്ല" സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
2010ലെ കൈവിട്ട് കേസിലെ ഇരയായിരുന്നു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ്. രണ്ടാം വർഷം ബികോം വിദ്യാർഥികൾക്ക് മതസ്പർധ വളർത്തും വിധം ചോദ്യം പേപ്പർ തയ്യാറാക്കിയെന്ന പത്ര വർത്തയെ തുടർന്ന് പ്രൊഫസർക്ക് നേരെ താലിബാൻ മോഡൽ ആക്രമണം നടത്തുകയായിരുന്നു. അധ്യാപകനെ തന്റെ വീടിന് സമീപത്ത് വെച്ച് ഒമിനി വാനിലെത്തിയ എട്ട് അംഗ സംഘ കൈപത്തി വെട്ടി മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...