യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി മലയാളി കന്യാസ്ത്രീ. യുക്രൈനിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിജി പയ്യപ്പിള്ളിയാണ് റഷ്യൻ സൈന്യത്തിന്‍റെ കണ്ണില്ലാത്ത ക്രൂരത തുറന്നു പറയുന്നത്. സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുന്ന റഷ്യൻ സൈന്യത്തിന്‍റെ ക്രൂരത കന്യാസ്ത്രീ തുറന്നു പറയുന്നു. ആറ് വയസുള്ള മകനെ ബന്ദിയാക്കിയ ശേഷം അവന്‍റെ മുന്നിലിട്ട് അമ്മയെ ക്രൂരമായി ദിവസങ്ങളോളം മാനഭംഗം ചെയ്യുന്നതുൾപ്പെടെയുള്ള ക്രൂരതകളാണ് റഷ്യൻ സൈന്യം യുക്രൈനിൽ നടത്തുന്നതെന്ന് സിസ്റ്റർ ലിജി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഞാന്‍ പറയുന്നതു കേട്ടിട്ട് നമ്മുടെ കണ്ണുകള്‍ നിറയാതെ പോകുകയാണെങ്കില്‍ നാം മനുഷ്യരല്ല. മൃഗങ്ങള്‍ പോലും ഇത് ചെയ്യില്ല. ഏതെങ്കിലും മീഡിയ ഇത് നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഇവിടെ താമസിക്കുന്നത് കൊണ്ടും ഓരോ സംഭവങ്ങള്‍ അടുത്തറിയുന്നത് കൊണ്ടും ഈ ലോകത്തോട് വിളിച്ചുപറയുകയാണ്". ഇത്തരമൊരു ആമുഖത്തോടെ തുടങ്ങുന്ന വീഡിയോയിൽ ഹൃദയം തകരുന്ന വിവരങ്ങളാണ് മലയാളി കന്യാസ്ത്രീ തുറന്നു പറയുന്നത്.


'മൃഗങ്ങൾ പോലും ഇങ്ങനെ ചെയ്യില്ല'


റഷ്യൻ സൈന്യം യുക്രൈനിൽ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ മൃഗങ്ങൾ പോലും തുനിയില്ലെന്നാണ് സിസ്റ്റർ ലിജി പറയുന്നത്. "തളര്‍ന്ന് കിടന്ന അമ്മയെ എങ്ങും കൊണ്ടുപോകാന്‍ കഴിയാതിരുന്ന 28 വയസ് മാത്രം പ്രായമുള്ള മകള്‍. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ പട്ടാളം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് അമ്മയെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ആ പെണ്‍കുട്ടിയില്‍ സൈനികർ മതിയാവോളം അവരുടെ ആഗ്രഹങ്ങള്‍ തീര്‍ത്തു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍."  സിസ്റ്റർ ലിജി വിവരിക്കുന്നു. ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങളും രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും വെടിവെച്ചിടുന്ന ക്രൂരത ആര്‍ക്ക് വേണ്ടിയാണ്. ഭൂപടത്തിൽ നിങ്ങളുടെ രാജ്യത്തെ കുറച്ചു കൂടി വലുതാക്കി കാണിക്കാനാണോ? സിസ്റ്റര്‍ ചോദിക്കുന്നു. 


കൈയ്യില്ലാത്തവർ, കാലില്ലാത്തവർ... റോഡുകളില്ലെല്ലാം മൃതദേഹങ്ങൾ


യുക്രൈനിലെ റോഡുകളിൽ എവിടെ നോക്കിയാലും മൃതദേഹങ്ങൾ കാണാമെന്ന് കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കൈയ്യില്ലാത്തതും കാലില്ലാത്തതുമായ മൃതദേഹങ്ങളാണ് മിക്കവയും. താൻ വീഡിയോ ചിത്രീകരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് റഷ്യൻ പട്ടാളം ഒരു ഗ്രാമത്തിലേക്ക് കടന്നു കയറി അവിടെയുണ്ടായിരുന്ന 2,000ൽ അധികം യുക്രൈൻ പൗരൻമാരെ വധിച്ചു. ഇത്രയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ തന്നെ യുക്രൈന് 10 ദിവസം എങ്കിലും വേണ്ടിവരുമെന്ന് സിസ്റ്റർ ലിജി പറയുന്നു. പുരുഷൻമാർക്ക് രാജ്യം വിട്ട് പുറത്തു പോകാൻ അനുവാദമില്ല. സൈനിക സേവനത്തിന് ആവശ്യമെങ്കിൽ അവരെ വിളിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് രാജ്യംവിട്ട് പുറത്തുപോകാൻ അനുവാദമുള്ളതെന്നും സിസ്റ്റർ പറയുന്നു.


ടയറുകൾക്കുള്ളിൽ സ്ത്രീകളുടെ നഗ്ന ശരീരങ്ങൾ


കത്തിക്കാൻ വേണ്ടി കൂട്ടിയിട്ടിരുന്ന ടയറുകൾ നീക്കി നോക്കിയപ്പോൾ കണ്ട ഞെട്ടിപ്പിക്കുന്ന സംഭവവും സിസ്റ്റർ വിവരിക്കുന്നു. ടയറുകളുടെ ഉള്ളിൽ ആറു സ്ത്രീകളുടെ നഗ്നമായ മൃതശരീരമാണ് കണ്ടത്. എന്തിനാണ് ആ സ്ത്രീ ശരീരങ്ങൾ നഗ്നമാക്കപ്പെട്ടതെന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പട്ടാളക്കാരുടെ ക്രൂരത. മനസാക്ഷിയില്ലായ്‌മ. വിതുമ്പലോടെ സിസ്റ്റർ ലിജി പറയുന്നു. മരിക്കുന്ന ഒരോരുത്തരും ആ സമയം എത്രമാത്രം ജീവിക്കണമെന്ന് ആഗ്രഹിച്ചുകാണുമെന്ന് ഊഹിക്കണമെന്നും മനസാക്ഷിയുള്ളവരുടെ ലോകം ഇതിനൊരു പരിഹാരം കാണാൻ ഉണരണമെന്നും സിസ്റ്റർ അപേക്ഷിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇത് സംഭവിക്കുന്നതെന്ന കാര്യം ലജ്ജയോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂവെന്നും സിസ്റ്റർ ലിജി പറയുന്നു.


സെലൻസ്‌കി ഒരു കോമാളിയല്ല


യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി ഒരു കോമേഡിയനാണെന്നും അതു മൂലമാണ് യുക്രൈനെ റഷ്യ ആക്രമിച്ചതെന്നും പലരും പറയുന്നുണ്ട്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് സിസ്റ്റർ പറയുന്നു. സെലൻസ്‌കി ഒരു കോമാളിയല്ല. അയാൾക്ക് ഈ നാട്ടുകാരുടെ മുഴുവൻ പിന്തുണയുമുണ്ട്. യുക്രൈനിൽ താമസിക്കുന്ന യുക്രൈൻ പൗരത്വമുള്ള തനിക്ക് ഇത് കൃത്യമായി അറിയാം. യുക്രൈനിലെ ഒരോ പൗരൻമാർ മരിച്ചു വീഴുന്നതും വളരെ വേദനയോടെയാണ് സെലൻസ്‌കി നോക്കി കാണുന്നത്. രാജ്യത്തെ പ്രസിഡന്റിനോട് നാട്ടുകാർക്ക് എല്ലാം വലിയ സ്നേഹവും ബഹുമാനവുമാണെന്ന് സിസ്റ്റർ ലിജി പറയുന്നു.


ശരീരം സംരക്ഷിക്കാൻ പരിശീലനം


നമ്മുടെ കുട്ടികൾ സ്കൂളിൽ പോയി പഠിക്കുമ്പോൾ യുക്രൈനിലെ പെൺകുഞ്ഞുങ്ങൾ അവരുടെ ശരീരം റഷ്യൻ പട്ടാളം കടിച്ചുകീറാതിരിക്കാനുള്ള പരിശീലമാണ് നേടുന്നതെന്ന് സിസ്റ്റർ പറയുന്നു. ജീവിക്കാൻ എല്ലാവർക്കും അവകാശമില്ലേ...അതിനെ ചോദ്യം ചെയ്യാനും നശിപ്പിക്കാനും ആർക്കാണ് അവകാശമെന്നും കണ്ണുള്ളവരും ചെവിയുള്ളവരും ഇത് കാണുകയും കേൾക്കുകയും വേണമെന്നും സിസ്റ്റർ ലിജി പറയുന്നു. റഷ്യൻ സൈന്യം ബുച്ചാ നഗരത്തിൽ ഉൾപ്പെടെ കാണിച്ച ക്രൂരത ലോകം അറിഞ്ഞു തുടങ്ങുമ്പോഴാണ് യുക്രൈനിലെ മലയാളി കന്യാസ്ത്രീ അവിടെ നടക്കുന്ന ക്രൂരത വിവരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.


സിസ്റ്റർ ലിജി പയ്യപ്പിള്ളി


സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്‌സ് ഓഫ് സെന്റ് മാർക്ക് സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ ലിജി പയ്യപ്പിള്ളി. അങ്കമാലി അകപറമ്പ് സെന്റ് ഗർവാസീസ് ആൻ‍ഡ് പ്രോത്താസീസ് ഇടവക അംഗമാണ് സിസ്റ്റർ ലിജി. ഇരുപത് വർഷമായി യുക്രൈനിലാണ് സേവനം ചെയ്യുന്നത്. യുക്രൈനിലെ ഇവരുടെ മഠത്തിൽ 18 പേരാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ മലയാളികളായ കന്യാസ്ത്രീകളാണ്. റഷ്യ യുക്രൈന് നേരെ ആക്രമണം നടത്തിയപ്പോൾ ഇന്ത്യക്കാരായ നൂറു കണക്കിന് പേരാണ് സിസ്റ്റർ ലിജിയുടെ മഠത്തിൽ അഭയം തേടിയത്. അവരെ പുറത്ത് എത്തിക്കുന്നതിൽ അടക്കം നിർണായകമായ പങ്ക് സിസ്റ്റർ ലിജിയും മറ്റ് മലയാളി കന്യാസ്ത്രീകളും നടത്തിയത് വാർത്തയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.