പ്രധാനമന്ത്രിയുടെ ശുചിത്വ അഭിയാനില്‍ പങ്കാളിയാകാന്‍ മമ്മൂട്ടിയും
പ്രധാനമന്ത്രിയുടെ ശുചിത്വ പ്രചാരണ പരിപാടിയില്‍ പങ്കാളിയാകാനുള്ള ക്ഷണം സ്വീകരിച്ച് ചലച്ചിത്ര താരം മമ്മൂട്ടി. 'സ്വച്ഛതാ ഹി സേവ' (ശുചിത്വം സേവനമാണ്) എന്ന പരിപാടിയുടെ ഭാഗമാകാന്‍ തയ്യാറാണെന്ന് മമ്മൂട്ടി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്‍റെ ആരാധകരോട് മമ്മൂട്ടി തീരുമാനം അറിയച്ചത്.
മഹാത്മാഗാന്ധിയുടെ ആശയത്തെ പിന്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയെ മമ്മൂട്ടി അഭിനന്ദിച്ചു. അച്ചടക്കം പോലെ സ്വയം ശീലിക്കേണ്ട ഒന്നാണ് ശുചിത്വമെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
'ഒരു വ്യക്തി സ്വന്തം ശരീരത്തെ ആദരിക്കാന്‍ പഠിക്കുമ്പോള്‍ ശുചിത്വമെന്ന ആശയത്തെ ചുറ്റുമുള്ളവരിലേക്കും പകരാനുള്ള പ്രചോദനം ലഭിക്കും. നമ്മുടെ രാജ്യത്തോടും ഭൂമിയോടുമുള്ള പ്രതിബന്ധത നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിലൂടെ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലൂടെ രാജ്യത്തോടും ഭൂമിയോടുമുള്ള നമ്മുടെ കടമ നിറവേറ്റാന്‍ കഴിയും. വസുധൈവ കുടുംബകമെന്ന സങ്കല്‍പത്തില്‍ ക്രോഡീകരിച്ചിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്‍റെ ആത്മാവ് അതാണ്,' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ മോഹന്‍ലാലും പ്രധാനമന്ത്രിയുടെ ശുചിത്വ അഭിയാനില്‍ പങ്കാളിയാകാനുള്ള ക്ഷണം സ്വീകരിച്ചിരുന്നു. 'സ്വച്ഛതാ ഹി സേവ' പരിപാടിയില്‍ പങ്കാളികളാകണമെന്നും പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും പ്രധാനമന്ത്രി പ്രത്യേകം കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ചാണ് രണ്ടാഴ്ച നീളുന്ന ശുചിത്വ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: