തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടനുള്ള അന്തിമപട്ടികയിൽ മുൻനിരയിൽ ഉള്ളത് മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ തുടങ്ങിയവർ. മികച്ച നടിക്കുള്ള പുരസ്കാരത്തിൽ പുതുമുഖങ്ങൾ തമ്മിലാണ് മത്സരം. ജൂറിയുടെ വിലയിരുത്തൽ നേരത്തേ പൂർത്തികരിച്ചെങ്കിലും ആർക്കാണ് പുരസ്‌കാരം എന്ന് വ്യാഴാഴ്ച രാത്രിയാണ് നിശ്ചയിച്ചത്. അവാർഡിന്റെ രഹസ്യസ്വഭാവം നിലനിർത്താൻകൂടിയാണ് പ്രഖ്യാപനത്തിന്റെ തലേദിവസം മാത്രം പുരസ്‌കാരനിർണയത്തിന്റെ അവസാനഘട്ടം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച മൂന്നുമണിക്ക് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ബുധനാഴ്ചത്തെ പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. 154 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. രണ്ടു പ്രാഥമികസമിതികളുടെ വിലയിരുത്തലിനുശേഷം അവാർഡിന് പരിഗണിക്കേണ്ട സിനിമകളുടെ അന്തിമപട്ടിക ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള മുഖ്യജൂറി വിലയിരുത്തി.


മമ്മൂട്ടി അഭിനയിച്ച നൻപകൽ നേരത്ത് മയക്കം, മികച്ച സിനിമയുടെയും മികച്ച നടന്റെയും പട്ടികയിലുണ്ട്. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), സൗബിൻ ഷാഹിർ (ഇലവീഴാ പൂഞ്ചിറ) തുടങ്ങിയവർക്കൊപ്പം പുതുമുഖനടന്മാരും മികച്ചനടനുള്ള പുരസ്കാരപട്ടികയിൽ ഇടംപിടിച്ചു. മികച്ച നടി പുതുമുഖ താരങ്ങളിൽനിന്നാകാനാണ് സാധ്യത. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് പുതുമുഖങ്ങളുടേതടക്കമുള്ളവരുടെ ചിത്രങ്ങളാണ് അവസാനപട്ടികയിൽ ഇടംപിടിച്ചത്.