VM Kutty Demise: വിഎം കുട്ടി അന്തരിച്ചു, വിട പറഞ്ഞത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരൻ
മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്.
മലപ്പുറം: മാപ്പിളപ്പാട്ടു ഗായകന്‍ (Mappilappattu Singer) വിഎം കുട്ടി (86) (VM Kutty) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട്ടെ (Kozhikode) സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഖബറടക്കം (Funeral) വൈകിട്ട് 5 മണിക്ക് മലപ്പുറം (Malappuram) പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
കല്യാണ പന്തലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. പൊതുവേദിയില്‍ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതും വിഎം കുട്ടിയാണ്. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്.
1935 ഏപ്രില്‍ 16നാണ് വിഎം കുട്ടിയുടെ ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി. 20ാം വയസിൽ ആകാശവാണിയിൽ മാപ്പിളപ്പാട്ട് പാടിയാണ് അദ്ദേഹം തന്റെ കലാജീവിതം തുടങ്ങുന്നത്.
1965 മുതല്‍ ഗള്‍ഫ് നാടുകളിലെ (Gulf Countries) വേദികളില്‍ വിഎം കുട്ടി തിളങ്ങിയിരുന്നു. 1987ല്‍ കവറത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് (Rajiv Gandhi) മുന്നിലും അദ്ദേഹം മാപ്പിളപ്പാട്ട് അവതരിപ്പിച്ചിരുന്നു. മികച്ച ഗാനരചയിതാവ് കൂടിയാണ് വിഎം കുട്ടി. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങള്‍ എഴുതി. മാപ്പിളപ്പാട്ടിന്റെ (Mappilappattu) ലോകം, ബഷീര്‍ മാല, ഭക്തി ഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...