മലപ്പുറം: ചെറുതും വലുതുമായി സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ മേളമാണ്.  ഐസ് ബക്കറ്റ് ചലഞ്ചില്‍ തുടങ്ങി കേരള സര്‍ക്കാരിന്‍റെ സാലറി ചലഞ്ച് വരെ നീളും ആ പട്ടിക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രചാരണത്തില്‍ വരുന്ന പല ചലഞ്ചുകളും അപകടം പിടിച്ചതാണ് എന്നതാണ് മറ്റൊരു വസ്തുത. ബ്ലൂവെയില്‍ ചലഞ്ച്, കീക്കി ചലഞ്ച്, നില്ല് നില്ല് ചലഞ്ച് എന്നിവ ഇതിനു ചില ഉദാഹരണങ്ങളാണ്. 


ഇപ്പോള്‍ കൈകളിൽ സ്വയം മുറിവേൽപ്പിക്കുന്ന ചലഞ്ചുമായി എത്തിയിരിക്കുകയാണ്  മലപ്പുറം ജില്ലയിലെ ചില കുട്ടികൾ. 


ജില്ലയിലെ അമ്പതിലധികം കുട്ടികളാണ് സ്വന്തം പേരിന്‍റെ ആദ്യാക്ഷരം കോമ്പസും വെള്ളാരംകല്ലുകളും ഉപയോഗിച്ച് ശരീരത്തിൽ രേഖപ്പെടുത്തിയത്. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികളുടെ കൈകളിലാണ് ഇത്തരം മുറിവുകൾ ശ്രദ്ധയിൽപ്പെട്ടത്.


സ്വന്തം പേരിന്‍റെ ആദ്യക്ഷര൦ കയ്യില്‍ വരയ്ക്കുന്ന ചലഞ്ചേറ്റെടുത്തവരിൽ പെൺകുട്ടികളാണ് കൂടുതൽ. സ്കൂളിലെ ഒഴിവു സമയങ്ങളിലും വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന സമയത്തുമാണ് ഇതു ചെയ്തതെന്ന് കുട്ടികൾ അധ്യാപകരോട് പറഞ്ഞു. 


കോമ്പസും സ്റ്റീൽ സ്കെയിലുമുപയോഗിച്ച് ശരീരം മുറിവേൽപ്പിച്ചവരുമുണ്ട്. ചിലരുടെ മുറിവുകൾക്ക് പഴുപ്പ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചില മദ്രസാധ്യാപകരാണ് കുട്ടികളുടെ കൈയിൽ മുറിവ് കണ്ടെത്തിയത്. 


തുടര്‍ന്ന് രക്ഷിതാക്കളെ വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഹൈസ്കൂൾ തലത്തിലെ പെൺകുട്ടികളിൽ നിന്നാണ് ഇതു തുടങ്ങിയതെന്ന സൂചന ലഭിച്ചത്. 


എന്നാല്‍ അവര്‍ക്കിതെവിടെ നിന്ന് ലഭിച്ചെന്നുള്ള വിവരത്തില്‍ വ്യക്തതയില്ല. വിവിധ സ്കൂളുകളിൽ ഈ പ്രവണത നിലനിൽക്കുന്നതിനാല്‍ ജാഗ്രത പുലർത്തണമെന്ന് പി.ടി.എ. കമ്മിറ്റികൾ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.