Wayanad Landslide: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ
Wayanad Landslide Rescue Operation: ദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ സാധ്യമായ എല്ലാ വഴികളിലൂടെയും കണ്ടെത്താൻ ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് വിഭാഗങ്ങൾക്കൊപ്പം റവന്യൂ വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ പങ്കെടുത്തു. ദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
ഇന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേരും തിരച്ചിൽ സംഘത്തിനൊപ്പം ചേർന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചിൽ ആരംഭിച്ചത്.
ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗൺഭാഗം, ചൂരൽമല സ്‌കൂൾ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി.
പുഞ്ചിരിമട്ടത്തെ തകർന്ന വീടുകൾക്കരികിൽ ആദ്യമെത്തിയ സംഘത്തിനൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസും എത്തിയിരുന്നു. ഉത്തരമേഖല ഐജി കെ സേതുരാമൻ തിരച്ചിലിന് നേതൃത്വം നൽകി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ട സ്ഥലങ്ങളിലും വിശദമായ തിരച്ചിൽ നടത്തി. സംശയമുള്ള പ്രദേശങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു.
പോലീസ് ഡോഗ് സ്‌ക്വാഡിനെയും തിരച്ചിലിന് ഉപയോഗിച്ചു. ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ തിരച്ചലിൽ പങ്കാളികളായി. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം 131 പേരാണ് ദുരന്തത്തിൽ കാണാതായത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ജനകീയ തിരച്ചിലിൽ ആറ് വിഭാഗങ്ങളിലായുള്ള സംഘം പ്രധാനയിടങ്ങളെല്ലാം പരിശോധിച്ചു.
ടി.സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.അജ്മൽ സാജിത്ത്, സി.കെ.നൂറുദ്ദീൻ, ബീന സുരേഷ്, റംല ഹംസ, എം.എം.ജിതിൻ, രാധാമണി, വി.രാധ തുടങ്ങിയവരും ജനകീയ തെരച്ചിലിൽ പങ്കെടുത്തു. എൻ.ഡി.ആർ.എഫ് 120, കേരള പോലീസ് കെ 9 സ്‌ക്വോഡ്, ഫയർ ഫോഴ്‌സ് 530 അംഗങ്ങൾ, 45 വനപാലകർ, എസ്.ഒ.എസിലെ 61 പേർ, ആർമി എം.ഇ.ജി വിഭാഗത്തിലെ 23 അംഗങ്ങൾ, ഐ.ആര്.ബി യിലെ 14 അംഗങ്ങൾ, ഒഡീഷ പോലീസ് ഡോഗ് സ്‌ക്വോഡ്, കേരള പോലീസിലെ 780 അംഗങ്ങൾ റവന്യൂവകുപ്പിന്റെ ആറ് ടീമുകളിലായുള്ള 50 അംഗങ്ങൾ, 48 ടീമുകളിലായി 864 വളണ്ടിയർമാർ, 54 ഹിറ്റാച്ചികൾ, 7 ജെ.സി.ബി കൾ എന്നിങ്ങനെ വിപുലമായ സന്നാഹവുമായാണ് പരിശോധന നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിരുന്നു.
വനം വകുപ്പ് കാടിനുള്ളിലെ പരപ്പൻപാറയിലും കലക്കൻ പുഴയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി പരിശോധന നടത്തി. എസിഎഫ് എംകെ രഞ്ജിത്തിന്റെയും റെയ്ഞ്ച് ഓഫീസർ കെ ഹാഷിഫിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. അതിദുഷ്‌കരമായ കാട്ടുപാതകൾ താണ്ടി പുഴയോരത്ത് കൂടിയാണ് തിരച്ചിൽ നടത്തിയത്. ഹെലികോപ്ടർ വഴി തുരുത്തുകളിൽ ഇറങ്ങി ഇവിടെ പരിശോധന നടത്തിയശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്.
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന് താഴ്ന്ന് പറക്കാൻ കഴിയാതെ വന്നതോടെ നിരവധി ദൂരം കാടിനകത്തു കൂടി നടന്നാണ് രക്ഷാപ്രവർത്തകർ തിരിച്ചിൽ നടത്തിയത്. പുഞ്ചിരിമട്ടത്ത് നിന്നും കിലോമീറ്ററുകൾ പിന്നിട്ടാണ് ചാലിപ്പുഴ മലപ്പുറം ജില്ലയിലെ ചാലിയാറിലെത്തുന്നത്. വനത്തിനുള്ളിലെ സൺറൈസ് വാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തക സംഘം പരിശോധന നടത്തിയിരുന്നു. കലക്കൻ പുഴമുതൽ കോളിച്ചുവട് വരെ രണ്ടര കിലോമീറ്റർ ദൂരമാണ് തിരച്ചിൽ പൂർത്തിയാക്കിയത്. എപിസിസിഎഫ് ജസ്റ്റിൻമോഹൻ, നോർത്തേൺ സർക്കിൾ സിസിഎഫ് ദീപ, നോർത്തേൺ ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ കീർത്തി തുടങ്ങിയ ഉദ്യാഗസ്ഥരാണ് വനം വകുപ്പിന്റെ തെരച്ചിൽ ഏകോപിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.