Maveli express Police attack | ട്രെയിനിൽ കേരള പോലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വിട്ടു.
കണ്ണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് കേരള പോലീസ്. മാവേലി എക്സ്പ്രസിൽ കണ്ണൂരിൽ വച്ചാണ് പോലീസുകാരൻ യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വിട്ടു.
എഎസ്ഐ ആണ് യാത്രക്കാരനെ മർദിച്ചത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആർ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദിച്ചത്. സ്ലീപ്പർ കംമ്പാർട്ട് മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.
സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്.
തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ ഇതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നയാൾ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...