തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തള്ളിയ സാഹചര്യത്തില്‍ ഇതുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന്‍ സംസ്ഥാന സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി കെ. കെ ശൈലജയാണ് സൂചന നല്‍കിയത്. അതേസമയം വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും അവരുടെ തുടര്‍ പഠനത്തിന് പ്രതിപക്ഷവുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി എ. കെ ബാലൻ പ്രതികരിച്ചു.


'കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍' ഗവര്‍ണര്‍ തള്ളിയതോടെ ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളെല്ലാം അസാധുവായി. ബില്ലിനു മുന്നോടിയാല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെങ്കില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങണം.


ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇന്ന് രാവിലെ നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ബിൽ ഗവര്‍ണര്‍ക്ക്‌ കൈമാറിയത്. മെഡിക്കല്‍ പ്രവേശന ബില്ലിനൊപ്പം മറ്റ് ആറു ബില്ലുകളും പതിമൂന്ന് ഓര്‍ഡിനന്‍സുകളും ഗവര്‍ണര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.