ഹിജാബിന് പകരം ഓപ്പറേഷൻ തിയേറ്ററിൽ സർജിക്കൽ ഹൂഡി; ചർച്ചയായി മെഡിക്കൽ വിദ്യാർഥിനികളുടെ കത്ത്; പ്രത്യേക സമിതി ചർച്ച ചെയ്യും-പ്രിൻസിപ്പാൾ
Latest Kerala Malayalam News: മുസ്ലിം സമുദായങ്ങളിൽപെട്ട വിദ്യാർഥിനികൾക്ക് ഓപ്പറേഷൻ തിയേറ്ററിൽ തല മറയ്ക്കാൻ അനുവാദമില്ലാത്തതാണ് കത്തിൽ പ്രശ്നമായി ഉന്നയിച്ചിട്ടുള്ളത്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും തല മറയ്ക്കുന്ന ശിരോവസ്ത്രവും (സർജിക്കൽ ഹൂഡി) ധരിക്കാൻ അനുവദിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ എംബിബിഎസ് ബാച്ചുകളിലെ മുസ്ലീം വിദ്യാർത്ഥിനികളാണ് ഇങ്ങനെ ഒരു അഭ്യർത്ഥന മുന്നോട്ട് വച്ചിരിക്കുന്നത്. വ്യത്യസ്ത ബാച്ചുകളിലെ ഏഴ് വിദ്യാർത്ഥിനികൾ ഒപ്പിട്ട അഭ്യർത്ഥന പ്രിൻസിപ്പാളിന് കൈമാറിയിട്ടുണ്ട്. രേഖാമൂലം കത്ത് ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് തീരുമാനമെടുക്കുമെന്നുംമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 26 നാണ് കത്ത് നൽകിയിട്ടുള്ളത്. മുസ്ലിം സമുദായങ്ങളിൽപെട്ട വിദ്യാർഥിനികൾക്ക് ഓപ്പറേഷൻ തിയേറ്ററിൽ തല മറയ്ക്കാൻ അനുവാദമില്ലാത്തതാണ് കത്തിൽ പ്രശ്നമായി ഉന്നയിച്ചിട്ടുള്ളത്. മുസ്ലീം സ്ത്രീകളെ സംബന്ധിച്ച് ഏത് സാഹചര്യത്തിലും തല മറയ്ക്കേണ്ടതുണ്ട് എന്നും വിദ്യാർത്ഥിനികൾ കത്തിൽ പറയുന്നുണ്ട്. മതപരമായ നിർബന്ധങ്ങൾക്കൊപ്പം ശസ്ത്രക്രിയാമാർഗരേഖകൾ കൂടി പാലിക്കപ്പെടുന്ന ബദൽ നിർദ്ദേശം എന്ന നിലയിലാണ് സർജിക്കൽ ഹൂഡിയും നീളൻ കൈയ്യുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥിനികൾ അഭ്യർത്ഥിക്കുന്നത്. ലോകത്ത് പലയിടങ്ങളിലും ഇത്തരം വസ്ത്രങ്ങൾ ശസ്ത്രക്രിയാമുറികളിൽ ഉപയോഗിക്കുന്നുണ്ട് എന്നും ഇവർ പറയുന്നു.
ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യം പരിശോധിക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യും. വിദഗ്ധരെ ഉൾക്കൊള്ളിച്ച് ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും - ഡോ. ലിനറ്റ് ജെ. മോറിസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
വിഷയത്തിൽ കത്ത് നൽകിയ വിദ്യാർത്ഥികളുടെ പ്രതികരണം തേടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. വിദ്യാർത്ഥിനികൾ ഇത്തരം ഒരു കത്ത് അധികൃതർക്ക് നൽകിയിട്ടുണ്ട് എന്ന കാര്യം വിദ്യാർത്ഥി പ്രതിനിധിയായ ഡോ അഖിലയും സീ മലയാളം ന്യൂസിനോട് പറഞ്ഞു.
സീ മലയാളം ന്യൂസിനോടുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസിൻ്റെ വാക്കുകളിങ്ങനെ:
ഓപ്പറേഷൻ മുറികൾ രോഗികൾക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ സർവ്വവിധ സജ്ജീകരണങ്ങളോടും കൂടി തയ്യാറാക്കിയിട്ടുള്ളതാണ്. ഇവിടങ്ങളിൽ കയറുമ്പോൾ അന്താരാഷ്ട്ര തലത്തിലുള്ള ആശുപത്രി മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന പ്രത്യേക വസ്ത്രങ്ങളാണ് സുരക്ഷ മുൻനിർത്തി ധരിക്കേണ്ടത്. വർഷങ്ങളായി ഇതുതന്നെയാണ് ലോകമെമ്പാടും തുടർന്നു വരുന്നത്. മാത്രമല്ല, കൈകൾ ഇടയ്ക്കിടെ കഴുകേണ്ടത് നിർബന്ധമാണ്.
ഉള്ളംകൈയുടെ ഭാഗം മുതൽ കൈമുട്ടു വരെയുള്ള ഭാഗങ്ങൾ നന്നായി ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുണ്ട്.
രോഗികളുടെ സുരക്ഷയാണ് പ്രധാനം. അണുബാധ പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഫുൾ സ്ലീവ് ധരിക്കുന്നത് ഇത്തരം കാര്യങ്ങൾക്ക് തടസ്സമാകുമോ എന്നുള്ളത് പരിശോധിക്കണം. ഇക്കാര്യങ്ങൾ വിദ്യാർത്ഥികൾ കത്തയച്ചപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. വിഷയം വിവിധ വകുപ്പുകളുടെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധസമിതി പരിശോധിക്കും. അതിനുശേഷം അന്തിമ നിലപാട് അറിയിക്കും - പ്രിൻസിപ്പൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...