Oommen Chandy: `ചെറിയ ടാസ്ക് അല്ല, ഒരുപാട് കടമ്പകൾ കടക്കണം`; അവസാന നാളിൽ ഉമ്മൻ ചാണ്ടിക്കായുള്ള മരുന്നുകൾ എത്തിയത് ഇങ്ങനെ
ചികത്സക്ക് ആവശ്യമായ മരുന്നുകൾ ആസ്‌ട്രേലിയയിലെ ഫാർമസിയിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റിവിട്ടത് സംബന്ധിച്ച റോബെർട്ടിന്റെ ഫേസ ബുക്ക് പോസ്റ്റ് വൈറൽ.
ഉമ്മൻചാണ്ടിക്ക് അവസാനനാളുകളിൽ ആവശ്യമായിരുന്ന മരുന്നുകൾ ആസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് വെളിപ്പെടുത്തൽ. ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന റോബർട്ടിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ടത് പ്രകാരം ചികത്സക്ക് ആവശ്യമായ മരുന്നുകൾ ആസ്‌ട്രേലിയയിലെ ഫാർമസിയിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റിവിട്ടത് സംബന്ധിച്ച റോബെർട്ടിന്റെ ഫേസ ബുക്ക് പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്. ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.
''മാർച്ച് മാസം അഞ്ചിന് രാവിലെ ഒരു കോൾ വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ മകൾ മരിയ ആയിരുന്നു ഫോണിൽ. "
അപ്പക്ക് ഡോക്ടർ എഴുതിയ ഒരു മരുന്നുണ്ട്. ആ മരുന്ന് ഏറ്റവും ടോപ് ആയിട്ടുള്ള ഒരു മരുന്നാണ്. അത് ആസ്‌ട്രേലിയയിലെ മെൽബണിൽ ഉള്ള ഒരു ഫർമസിയിൽ ആണ് ഉള്ളത്. നാളെ വൈകുന്നേരം എങ്കിലും അത് ബാംഗ്ലൂരിൽ ലഭിക്കണം. ചികത്സക്ക് ഏറ്റവും അത്യാവശ്യം ഉള്ള മരുന്നാണ് എങ്ങനെയും എത്തിക്കണം. "
ചെറിയ ടാസ്ക് അല്ല. ഇന്ത്യയിലെ പോലെ നേരെ ചെന്നാൽ മരുന്ന് കിട്ടില്ല. സാധാരണ ഫർമസിയിൽ പോലും മരുന്ന് ലഭിക്കുവാൻ ഇവിടെ ഒരുപാട് കടമ്പകൾ കടക്കണം.
പക്ഷെ എന്റെ ഈ ആശങ്ക ഞാൻ മരിയയോട് പങ്കു വച്ചില്ല. കാരണം സ്വന്തം അപ്പക്ക് ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ആ മരുന്ന് ഞങ്ങൾ അറേൻജ് ചെയ്യും എന്ന ചെറുതല്ലാത്ത വിശ്വാസം ആണ് അവർക്കുള്ളത് എന്ന് അറിയാം.
മരുന്ന് സംഘടിപ്പിച്ചാലും ഏറ്റവും അടുത്ത ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ആരെങ്കിലും അത് കൊണ്ട് പോകാൻ തയ്യാറാവണം.
ആദ്യ അന്വേഷണത്തിൽ അന്നോ പിറ്റേന്ന് രാവിലെയോ യാത്ര ചെയ്യുന്ന ആരെയും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ആണ് അടുത്ത സുഹൃത്തായ റോണി യെ ഓർമ്മ വന്നത്.
ഫ്ളൈ വേൾഡ് ട്രാവൽ ഗ്രൂപ്പിന്റെ ചെയർമാനാണ്. കേരളത്തിലേക്കുള്ള എല്ലാ ഫ്ളൈറ്റിലും ആസ്‌ട്രേലിയയിൽ നിന്ന് അവർക്ക് ഒരു കസ്റ്റമർ ഉണ്ടാവും.
എന്റെ പ്രതീക്ഷ തെറ്റിയില്ല.
മെൽബണിൽ നിന്നും യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കൊണ്ടാക്ട് റോണി തന്നു. പകുതി ആശ്വാസമായി. ഇനി ആ മരുന്ന് സംഘടിപ്പിക്കണം.
ഡോക്ടറുടെ കുറുപ്പിന്റെ ഫോട്ടോ മാത്രം ആണ് കയ്യിൽ. മെൽബണിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ആ ഫർമസി അടക്കാൻ കേവലം ഒരു മണിക്കൂറും. ഒട്ടും അമാന്തിച്ചില്ല.. ആസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസിന്റെ പ്രസിഡന്റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ മദനൻ ചെല്ലപ്പനെ വിളിച്ചു, കാര്യം പറഞ്ഞു.
ഏതോ സിനിമയുടെ അവസാനരംഗത്ത് കാണുന്നത് പോലെ ആണ് മദനൻ പിന്നെ പ്രവർത്തിച്ചത്. പറഞ്ഞ സമയം കൊണ്ട് മരുന്നും സംഘടിപ്പിച്ച്, മെൽബണിൽ നിന്ന് യാത്ര ചെയ്യുന്ന മലയാളിയെയും സംഘടിപ്പിച്ച് പറഞ്ഞ സമയത്ത് മരുന്ന് നാട്ടിൽ എത്തിച്ചു.
അന്ന് തുടങ്ങി കഴിഞ്ഞ മാസം വരെയും മുടങ്ങാതെ അത് ഇവിടെ നിന്നും ഏകോപിപ്പിച്ചു.
നാട്ടിൽ എത്തിച്ചു.
ഓർമ്മ വച്ച കാലം മുതൽ ഉമ്മൻചാണ്ടി സാറിന്റെ ഉപകാരങ്ങൾ മാത്രം ലഭിച്ചു പോന്ന ഞങ്ങൾക്ക് അദ്ദേഹത്തിന് വേണ്ടി അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ... ദൈവത്തിന് നന്ദി''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...