കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ വിരമിക്കാനൊരുങ്ങുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുഖ്യ ഉപദേശക സ്ഥാനമുൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽ നിന്നുമാണ് അദ്ദേഹം വിരമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 30നാണ് വിരമിക്കുന്നത്. തനിക്ക് 88 വയസ്സായെന്നും ഇനിയും ഇങ്ങനെ ജോലിചെയ്യാനാകില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ഒഴിവാകുന്നതായി ഡിഎംആർസിയെ അറിയിച്ചിട്ടുണ്ടെന്നും പ്രായമായെന്നു അവര്‍ക്കുമറിയാവുന്നതിനാല്‍ അനുമതി കിട്ടാൻ പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.


സ്ഥിര ഉപദേഷ്ടാവായല്ല ഡിഎംആർസി  തന്നെ നിയമിച്ചതെന്നും കേരളത്തിലെ ജോലികൾക്കു വേണ്ടിയാണ് ഉപദേഷ്ടാവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


കൊച്ചി മെട്രോ പെട്ട വരെയെത്തുന്നതോടെ കേരളത്തിലെ ചുമതലകള്‍ എല്ലാം പൂര്‍ത്തിയാകുമെന്നും പാലാരിവട്ടം പുനര്‍നിര്‍മ്മാണമൊഴികെ മറ്റൊന്നും ഔദ്യോഗികമായി ശേഷിക്കുന്നില്ലെന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ അനശ്ചിതത്വം നിലനില്‍ക്കുന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രിക്ക് വാക്കു കൊടുത്തു പോയതിനാല്‍ ഇനി പിന്മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


2012ലാണ് കേരളത്തിലെത്തിയത്. ഇപ്പോൾ എട്ട് വർഷം കഴിഞ്ഞു. കൊച്ചി മെട്രോ ഒഴികെ മറ്റൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്- അദ്ദേഹം പറഞ്ഞു. എല്ലാ ചുമതലകളിൽ നിന്നും പെട്ടെന്ന് ഒഴിവാകാനാകില്ലെന്നും വിശ്രമ ജീവിതത്തിന്റെ ഭാഗമായി ഇതെല്ലാം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.