തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് ക്യാമറകൾ സ്ഥാപിച്ചതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. 2022 ജൂണിൽ 344 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഈ വർഷം ജൂണിൽ മരിച്ചത് 140 പേരാണ്. കഴിഞ്ഞ വർഷം ജൂണിൽ 3714 അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ വർഷം ജൂണിൽ അത് 1278 ആയി കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളെയും റോഡ് ക്യാമറകളുടെ പരിധിയിൽ കൊണ്ടുവരും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ നാഷണൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി) നിന്ന് കെൽട്രോണിന് കൈമാറി. നോ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളെയും റോഡ് ക്യാമറകളിലൂടെ പിടികൂടും. നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം നാളെ ചേരും. അതുപോലെ റോഡുകളിലെ വേഗപരിധി കൂട്ടിയതിനാൽ അത് വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും വിവിധ വകുപ്പുകൾക്ക് നൽകും.


റോഡ് ക്യാമറകലിലൂടെ 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1.77 ലക്ഷം പേർക്ക് പിഴ നോട്ടിസ് അയച്ചു കഴിഞ്ഞു. ഇതിലൂടെ 7.94 കോടി രൂപയാണ് പിഴയായി സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. പിഴയ്ക്കെതിരെ ഓൺലൈനിലൂടെ പരാതി അറിയിക്കാൻ സാധിക്കുന്ന സംവിധാനം അടുത്ത മാസം അഞ്ചിന് തുടങ്ങും. പിഴ നോട്ടിസ് അയയ്ക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ കെൽട്രോണിന് നിർദേശം നൽകി. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31ന് അകം മാറ്റി സ്ഥാപിക്കും.


അതേസമയം സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.


Also Read: Crime News: പണം പിൻവലിക്കാനാവാത്ത ദേഷ്യത്തിൽ എടിഎം തകർത്ത കേസിൽ 53 കാരൻ അറസ്റ്റിൽ


ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.


ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.


ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്. സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.