തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ രോഡരുകില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, കനിവ് 108 ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാര്‍ എന്നിവരേയും അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. അവര്‍ മാതൃകയാണ്. അവര്‍ക്ക് എല്ലാ ആശംസകളും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സീതത്തോട് കൊടുമുടി കുന്നേല്‍പടിക്കല്‍ റോഡരികില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയ്ക്ക് പ്രസവ തീയതി എത്തിയിരുന്നില്ല. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം കൂട്ടുകാരിയുടെ വീട്ടില്‍ പോയി വരുന്ന സമയത്താണ് യുവതിയ്ക്ക് പ്രസവ വേദന കലശലായത്. ഇതറിഞ്ഞ സമീപ പ്രദേശത്തുള്ളവര്‍ ആശാ പ്രവര്‍ത്തക സതി പ്രസാദിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ സതി പ്രസാദ് സ്ഥലത്തെത്തി 108 ആംബുലന്‍സിന്റെ സഹായം തേടി.


അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരുമുണ്ടായിരുന്നു. ഇതിനിടയില്‍ ആബുലന്‍സും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എന്‍. സി.കെ. മറിയാമ്മയും എത്തി. യുവതിയെ ഇവര്‍ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ യുവതിയോടൊപ്പം നില്‍ക്കാന്‍ ആരുമില്ലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ ആശാ പ്രവര്‍ത്തക യുവതിയ്ക്ക് സഹായിയായി നിന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.