Antibiotics Usage Side Effects: ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ്; ബോധവത്കരണം ഫലപ്രദമെന്ന് മന്ത്രി വീണാ ജോര്‍ജ്
Minister Veena George: അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.
ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ നപടികൾ കർശനമാക്കി. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങൾ വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും ഇതിനെക്കുറിച്ച് അവബോധം ശക്തമാക്കുകയും ചെയ്തു.
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് യുപിഎച്ച്സിയില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ALSO READ: ആരോഗ്യ സ്ഥാപനങ്ങളില്‍ വികസനപ്രവർത്തങ്ങൾക്ക് 53 കോടി രൂപ; ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി
എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ അവബോധ പരിപാടികള്‍ നടത്തുന്നുണ്ട്. ആന്റിബയോട്ടിക് സാക്ഷരതയില്‍ അവബോധം വളരെ പ്രധാനമാണ്. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വീടുകളിലെത്തി ബോധവത്കരണം നൽകുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും വീടുകൾ തോറുമുള്ള ബോധവത്കരണത്തിൽ പങ്കാളിയായി. വട്ടിയൂര്‍ക്കാവ് പ്രദേശത്തെ വീടുകളില്‍ മന്ത്രി നേരിട്ടെത്തി. ഒരാഴ്ച കൊണ്ട് ആശ പ്രവര്‍ത്തർ പരമാവധി വീടുകളിലെത്തി അവബോധം നൽകും. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇതുള്‍ക്കൊണ്ടാണ് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ബോധവത്കരണം നടത്തുന്നത്.
1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നതിനാൽ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ കഴിക്കാവൂ.
3. മെഡിക്കൽ സ്റ്റോറുകളിൽ പോയി ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ അലക്ഷ്യമായി വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവ് മുഴുവനായി ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ഒരാൾക്ക് കുറിച്ച് നൽകുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധകൾ തടയുന്നതിന് പതിവായി കൈകള്‍ കഴുകുക.
9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
10. കാലാനുസൃതമായി പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.