തലസ്ഥാനത്ത് മറ്റൊരു മിക്സഡ് സ്കൂൾ കൂടി; യോജിച്ച തീരുമാനം ഉണ്ടെങ്കിൽ ഗേൾസ്,ബോയ്സ് സ്കൂളുകൾ മിക്സഡ് സ്കൂളുകൾ ആക്കാൻ പ്രയാസം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് കൂടുതൽ മിക്സഡ് സ്കൂളുകൾ ഉണ്ടാകുന്നത് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കും
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മറ്റൊരു മിക്സഡ് സ്കൂൾ കൂടി. ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആണ് മിക്സഡ് ആക്കുന്നത്.
പിടിഎ യോഗത്തിലെ യോജിച്ച തീരുമാനപ്രകാരം സ്കൂൾ അധികൃതർ ബോയ്സ് സ്കൂളിനെ മിക്സഡ് സ്കൂൾ ആക്കണമെന്ന് അഭ്യർത്ഥിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യങ്ങൾ പരിശോധിച്ച് തീരുമാനം എടുത്തത്.
സ്കൂൾ അധികൃതരും പിടിഎയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താൽ സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ മിക്സഡ് സ്കൂളുകൾ ഉണ്ടാകുന്നത് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.