പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല സോപാനത്തിന്‍റെയും, പ്രതിഷ്ഠയുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മൊബൈലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 


പതിനെട്ടാംപടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍.


സന്നിധാനത്ത് നിന്ന് മൊബൈല്‍ പിടിച്ചാല്‍ ആദ്യം ചിത്രങ്ങള്‍ നീക്കം ചെയ്ത് താക്കീത് നല്‍കുമെന്നും തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു അറിയിച്ചു.


സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. 


കൂടാതെ, സമൂഹമാധ്യമങ്ങളില്‍ ശബരിമലയെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.


അരവണയില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ദേവസ്വംബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്. 


അതേസമയം, മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷം ഇതുവരെ 7,71,2888 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. 


ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനത്തിന് എത്തി. സന്നിധാനത്ത് തിരക്ക് കൂടിയതോടെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.


തിരക്ക് കൂടിയ സാഹചര്യമാണെങ്കിലും പ്രശ്നങ്ങളില്ലാതെ തീര്‍ത്ഥാടനം പുരോഗമിക്കുകയാണ്.