Mobile Range ലഭിക്കാന്‍ മരത്തിൽ കയറിയ കുട്ടി വീണ സംഭവം, ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി
മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെവീണ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കണ്ണൂര്‍: മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെവീണ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പരിക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിവരങ്ങൾ അന്വേഷിയ്ക്കുകയുണ്ടായി. കൂടാതെ, കലക്ടറേയും കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്ദു ബാബു ആണ് അപകടത്തിൽപ്പെട്ടത്. എന്താവശ്യത്തിനും തന്നെ നേരിൽ വിളിക്കാം എന്ന് മന്ത്രി വിദ്യാർത്ഥിയുടെ പിതാവ് ബാബുവിനെ അറിയിച്ചു.
കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണിൽ വിളിച്ചു. കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടറുമായും മന്ത്രി ഫോണിൽ സംസാരിച്ചു. മൊബൈൽ റേഞ്ച് ഇല്ലാത്ത ഇടങ്ങളിൽ റേഞ്ച് എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് കളക്ടർ മന്ത്രിയെ അറിയിച്ചിരിയ്ക്കുന്നത്.
കണ്ണൂർ ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് പ്രശ്നം നേരിടുന്നതായി കണ്ടെത്തിയത്. ഇതിൽ 71 ഇടങ്ങളിൽ പ്രശ്നം പരിഹരിച്ചതായി കളക്ടർ മന്ത്രിയെ അറിയിച്ചു.
മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി താഴെവീണ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...