വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് തിരുനെല്ലി പഞ്ചായത്തിൽ
തിരുനെല്ലി പഞ്ചായത്തിലെ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്: വയനാട്ടിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഈ വർഷത്തെ ആദ്യത്തെ കുരങ്ങുപനി കേസാണ് സ്ഥിരീകരിച്ചത്. തിരുനെല്ലി പഞ്ചായത്തിലെ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. അപ്പപ്പാറ സിഎച്ച്സിയിലാണ് യുവാവ് ചികിത്സ തേടിയത്. കുരങ്ങുപനി സംശയത്തെ തുടർന്ന് വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിക്കുകയായിരുന്നു.
ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിളുകൾ പരിശോധിച്ചു. എന്നാൽ ഇവരിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസം മുൻപ് കർണാടകയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...