Monkeypox: മങ്കിപോക്സ് ലക്ഷണങ്ങൾ; കണ്ണൂരിൽ ഏഴ് വയസുകാരി നിരീക്ഷണത്തിൽ
Monkeypox: ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍: മങ്കി പോക്സ് ലക്ഷണങ്ങളോടെ ഏഴ് വയസുകാരി ചികിത്സയിൽ. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഏഴ് വയസുകാരിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ സുദീപ് അറിയിച്ചു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം, മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് രോഗമുക്തി നേടിയിരുന്നു. ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 31 കാരനായ ഇദ്ദേഹം ജൂലൈ പതിമൂന്നാം തീയതിയാണ് യുഎഇയില്‍ നിന്നും കേരളത്തില്‍ എത്തിയത്. യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ പതിനാറിനാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് ഇതുവരെ ഒമ്പത് പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേരാണ് ഇതുവരെ സുഖപ്പെട്ടത്. അഞ്ച് കേസുകള്‍ കേരളത്തിലും നാല് കേസുകൾ ഡൽഹിയിലുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്.
ALSO READ: Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...