UAPA: അലനും താഹയ്ക്കുമെതിരെ `ലാപ്ടോപ്` തെളിവുകള്‍!!
മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയവയാണ് ലഭിച്ചത്.
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ UAPA നിയമം ചുമത്തി അറസ്റ്റു ചെയ്ത അലനും താഹയ്ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍!!
താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ നിന്നാണ് മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.
മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
കൂടുതല്‍ തെളിവുകള്‍ക്കൊപ്പം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനിരുന്ന പൊലീസ് അപേക്ഷയ്ക്കൊപ്പം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും.
റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും.
ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരുവിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക.
അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ക്കായി ലോക്കല്‍ ജനറല്‍ ബോഡിയുടെ ആദ്യയോഗം ഇന്ന് വൈകിട്ട് നടക്കാനാണ് സാധ്യത.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നിരിക്കുന്നത്.
പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 8ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 14ന് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.
സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുന്നത്.
മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ.