മുല്ലപ്പെരിയാർ തുറക്കും; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ
രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനമായിട്ടുള്ളത്
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. രാവിലെ 11.30 തിന് മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനമായിട്ടുള്ളത്. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മഴ ശക്തമായതിനാൽ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാൽ എൻഡിആർഎഫി്നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കിൽ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ 137.15 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9,116 ക്യുസെക്സ് വെള്ളമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് അനുസരിച്ച് 137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റവന്യൂ മന്ത്രി കെ രാജനും വിശദീകരിക്കുന്നത്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങളും സജ്ജമാക്കിയതായും ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തതായും മന്ത്രി അറിയിച്ചു.
അതേസമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും , ജീവനക്കാരും അതീവ ജാഗ്രതാ പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...