യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്നാണ് മുല്ലപ്പള്ളി വിട്ടുനിൽക്കുന്നത്.
തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ (Mullappally Ramachandran). നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ചേരുന്ന യുഡിഎഫ് (UDF) ഏകോപന സമിതി യോഗത്തിൽ നിന്നാണ് മുല്ലപ്പള്ളി വിട്ടുനിൽക്കുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി അറിയിച്ചതിനാൽ കെപിസിസി (KPCC) അധ്യക്ഷനെന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ പാർട്ടിയിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നം പാർട്ടിക്കുള്ളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. രാജി അറിയിച്ചതും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തലയേയും (Ramesh Chennithala) മുല്ലപ്പള്ളി അറിയിച്ചിരുന്നു. തുടർന്ന് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതായി രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് യോഗം ചേരാനിരിക്കെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചു. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കുക, ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. യുഡിഎഫ് യോഗം ചേരാനിരിക്കേയായിരുന്നു മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ എത്തിയത്. കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകളും കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പതിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...