ന്യൂഡൽഹി: മൂന്നാർ അപകടാവസ്ഥയിലെന്ന്‍ കേന്ദ്രമന്ത്രി സി.ആർ. ചൗധരിയുടെ റിപ്പോർട്ട്.  മൂന്നാർ സന്ദർശിച്ചതിനുശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രമന്ത്രിയുടെ നിഗമനം. റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാറിലെ കെട്ടിടങ്ങളെല്ലാം ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ്. ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത് എന്നത് കൊണ്ട് വലിയ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിപ്പെടാനാവാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സന്ദർശനവേളയിൽ അദ്ദേഹം അറിയിച്ചിരുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളിലെ സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ചിരിക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ ഭാവിയില്‍ അപകടങ്ങള്‍ക്കു കാരണമാകും. 


മണ്ണിടിച്ചില്‍, പാറ അടര്‍ന്നുവീഴല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാവുന്ന മേഖലകളാണ് മൂന്നാറിലധികവും. കൈയേറ്റങ്ങള്‍ ഏതു പാര്‍ട്ടിക്കാര്‍ നടത്തിയാലും നിയമവിരുദ്ധമാണ്. ഇതു തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.