Muralee Thummarukudi: കേരളത്തിൻറെ ഭാവി; 10 പ്രവചനങ്ങളുമായി വീണ്ടും മുരളി തുമ്മാരുകുടി
Muralee Thummarukudi latest predictions: കേരളത്തിലെ ബോട്ട് അപകടവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചതിന് പിന്നാലെയാണ് കേരളത്തിൻറെ ഭാവി പ്രവചിച്ച് മുരളി തുമ്മാരുകുടി രംഗത്തെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന്റെ ഭാവിയെ കുറിച്ച് 10 പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യുഎൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. 2030 ആകുന്നതോടെ കേരളത്തിൽ ഉണ്ടാകാൻ പോകുന്ന 10 മാറ്റങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. നേരത്തെ, കേരളത്തിലെ ബോട്ട് അപകടവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ച് മുരളി തുമ്മാരുകുടി വാർത്തകളിൽ ഇടം നേടിയിരുന്നു.
സ്വന്തം വല്യച്ഛൻ കിഴുപ്പള്ളി അച്യുതൻ നായർ പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നുവെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. താൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. എന്നാൽ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നതെന്ന് പറഞ്ഞാണ് പ്രവചനം ആരംഭിക്കുന്നത്.
കേരളത്തിലെ ജനസംഖ്യ, ഡിവോഴ്‌സ് റേറ്റ്, അറേഞ്ച്ഡ് മാരേജ്, പെൻഷൻ പ്രായം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്, സ്‌കൂളുകളുടെ എണ്ണം, ഭൂമിയുടെ വില തുടങ്ങി 10 കാര്യങ്ങളാണ് മുരളി തുമ്മാരുകുടി പ്രവചിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്തു പ്രവചനങ്ങൾ
എന്റെ വല്യച്ഛൻ, കിഴുപ്പള്ളി അച്യുതൻ നായർ, പേര് കേട്ട ഒരു ജ്യോൽസ്യൻ ആയിരുന്നു. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുന്പോൾ രാവിലെ ഏഴു മണിമുതൽ വൈകീട്ട് എട്ടു മണിക്കും വല്യച്ഛനെ കാണാൻ വീട്ടിൽ ആളുണ്ടാകും. ഗുരുത്വവും ദൈവാധീനവും ആണ് താൻ ചെയ്യുന്ന തൊഴിലിൽ മറ്റുള്ളവർ വിശ്വാസമർപ്പിക്കാൻ കാരണം എന്ന് വല്യച്ഛൻ വിശ്വസിച്ചിരുന്നു.
ഞാൻ പക്ഷെ ജ്യോതിഷത്തിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. എന്നാൽ ഭൂതവും വർത്തമാനവും ശരിക്കും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഭാവി പ്രവചിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇടക്കിടക്ക് കുറച്ചു പ്രവചനങ്ങളുമായി വരുന്നത്.
തൽക്കാലം ഫ്ളാറ്റിലെ അഗ്നിബാധയും രൂപയുടെ താഴോട്ടുള്ള പോക്കും ആണ് ഞാൻ പ്രവചിച്ചു വെച്ചതിൽ ഇനി ബാക്കിയുള്ളത്. അതിനധികം സമയമില്ല.
അതുകൊണ്ട് കുറച്ചു പ്രവചനങ്ങൾ പുതിയത് എടുക്കാം
2030 ആകുന്നതോടെ
1. കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും.
2. കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും.
3. അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും.
4. പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും.
5. ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും.
6. പെരുന്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും.
7. കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും.
8. ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും.
9. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും.
10. കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും.
നിങ്ങളുടെ അഭിപ്രായം കേൾക്കട്ടെ. ഇതൊക്കെ നടക്കുമോ?
അതേസമയം, മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരെങ്കിലും കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യത്തിന് ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ലെന്നും ഏപ്രിൽ 1ന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് ഭാഗ്യം മാത്രമാണെന്നും അത്തരത്തിൽ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നുമായിരുന്നു തുമ്മാരുകുടിയുടെ പ്രവചനം.
ഇതേ പോസ്റ്റിൽ തന്നെ കേരളത്തിൽ പത്തിലേറെ ആളുകൾ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പോസ്റ്റ് പങ്കുവെച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് പ്രവചനം പോലെ സംഭവിച്ചത്. മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ട് അപകടത്തിൽ 21 പേർക്കാണ് ജീവൻ നഷ്ടമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...