Doctor Stabbed To Death: ഇത്തരത്തില്‍ ഒരു മരണം സംഭവിക്കും; മുരളി തുമ്മാരുകുടിയുടെ `പ്രവചനം` വീണ്ടും സത്യമായി
Murali thummarukudy facebook post about Health workers and Doctors Death: `ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്` എന്നൊക്കെ ഇപ്പോള്‍ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയാണ് വനിതാ ഡോക്ടറെ അതിദാരുണമായി കുത്തികൊലപ്പെടുത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കത്രിക കൊണ്ടാണ് പ്രതി കുത്തിയത്. അടുത്തിടെ ആശുപത്രിയില്‍ എത്തുന്ന രോഗികളും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവം കേരളത്തില്‍ തുടര്‍ക്കഥയായി മാറിയതിന് പിന്നാലെയാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.
മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല്. 'ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ ഇപ്പോള്‍ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറുമെന്നും സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുകയും മന്ത്രിമാര്‍ പ്രസ്താവിക്കുകയും കോടതി ഇടപെടുകയും പുതിയ നിയമങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയുമെന്നും അദ്ദേഹം പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. വനിതാ ഡോക്ടര്‍ പ്രതിയുടെ കുത്തേറ്റ് മരിച്ചെന്ന വാര്‍ത്തയ്ക്ക്് പിന്നാലെ മുരളി തുമ്മാരുകുടിയുടെ പ്രവചനം വീണ്ടും സത്യമായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയാക്കുന്നത്.
ALSO READ: ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; വനിതാ ഡോക്ടറെ കുത്തിക്കൊന്നു
കഴിഞ്ഞ ദിവസം താനൂരില്‍ ബോട്ടപകടം ഉണ്ടായതിനു പിന്നാലെ വിനോദയാത്ര ബോട്ടുകളുടെ അപകടസാധ്യതകളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. കേരളത്തില്‍ പത്തിലേറെപ്പോര്‍ ഒരു ഹൗസ്ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു ഈ കുറിപ്പിലുണ്ടായിരുന്നത്. ഈ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം കൊണ്ട് പ്രവചിച്ചതുപോലെ സംഭവിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസം സംഭവിച്ച തീപ്പിടിത്തത്തെ കുറിച്ചും മുരളി തുമ്മാരുകുടി നേരത്തെ പരാമര്‍ശിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചത്. അതിനുശേഷം രണ്ട് തവണ സെക്രട്ടറിയേറ്റില്‍ അഗ്‌നിബാധയുണ്ടായി. സെക്രട്ടറിയേറ്റില്‍ എന്നെങ്കിലും ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ. ഇതുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (23) ആണ് ആശുപത്രിയില്‍ വൈദ്യപരിശോധനയക്ക് കൊണ്ടുവന്ന് പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരയായിരുന്നു ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടില്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയില്‍ അക്രമം നടത്തിയത്. പ്രകോപനമൊന്നുമില്ലാതെ യുവാവ് ആശുപത്രിയിലെത്തിയ ബന്ധുക്കളെ കണ്ടപ്പോള്‍ ്ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...