Minority Welfare Scheme: `മുസ്ലിം സമുദായത്തിനുള്ള ആനുകൂല്യങ്ങൾ മറ്റ് സമുദായങ്ങൾക്ക് നൽകരുത്`; ന്യൂനപക്ഷ ആനുകൂല്യം സംബന്ധിച്ച വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്
ന്യൂനപക്ഷ സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗിന്റെ വാദം. ഈ പദ്ധതിയെപ്പറ്റി കൂടുതൽ പഠിക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും മുസ്ലിം ലീഗ് ആരോപിച്ചു
കൊച്ചി: ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി (High Court) വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മുസ്ലിം ലീഗ് (Muslim League) വ്യക്തമാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗിന്റെ വാദം. ഈ പദ്ധതിയെപ്പറ്റി കൂടുതൽ പഠിക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
വിധിക്കെതിരെ സർക്കാരും അപ്പീൽ നൽകണമെന്ന് ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. 80:20 അനുപാതം നിശ്ചയിച്ചത് യുഡിഎഫിന്റെ കാലത്താണെന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ വാദം ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty) എംഎൽഎ പറഞ്ഞു. 2011 ലെ എൽഡിഫ് (LDF) സർക്കാരിന്റെ ഉത്തരവ് യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്തത്. മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ട സ്കോളർഷിപ്പ് വീതം വച്ചുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത പദ്ധതികളാണ് വേണ്ടത്. ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി കൊണ്ടുവരേണ്ടതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധവുമായി നിരവധി മുസ്ലിം സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. പുതിയ സെൻസസ് അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വിതരണം ചെയ്യണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സർക്കാരാണ് ഈ അനുപാതം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...