പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം; കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി മുസ്ലിംലീഗ്
അതേ സമയം പാര്‍ട്ടി നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു
മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.അതേ സമയം പാര്‍ട്ടി നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു.
അതേ സമയം ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത് എത്തി. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായപ്രകടങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി. എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നത്.
ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം . അത് യോഗത്തിലുണ്ടായി. ലീഗിന്‍റെ സൗഹാർദ സംഗമം സർക്കാരിനെതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു അത് ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.നേരത്തെ കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതിയില്‍ താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത് എന്നായിരുന്നു വാര്‍ത്ത.
ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്‍റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും വിമർശനമുയർത്തി.ഇതോടെ താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.പതിവില്ലാത്ത വിധം രൂക്ഷമായ വിമർശനമാണ് കൊച്ചിയിൽ നടന്ന യോഗത്തിൽ ഉയർന്നത്..കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ വിമർശത്തിനെതിരെ ശബ്ദമുയർത്തിയപ്പോൾ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...