കോഴിക്കോട്: ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങള്‍ മാനിക്കണം, വിശ്വാസികള്‍ പവിത്രം എന്ന് കരുതുന്ന നിലപാടിന്‍റെ കൂടെ നില്‍ക്കാനും, ആ നിലപാട് കോടതിയെ അറിയിക്കാനുമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. ലീഗിന്‍റെ നിലപാടും അതുതന്നെയാണ്യെന്ന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റൊന്ന്, അടുത്തകാലത്തുണ്ടായ നിരവധി വിധികള്‍ക്കെതിരെ ശക്തമായ അമര്‍ഷവും പ്രതിഷേധവും ഉള്ള കോടിക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. നാടിന്‍റെ സംസ്‌കാരത്തിനും, മതവിശ്വാസത്തിനും മറ്റും നിരക്കാത്ത ഒട്ടനവധി വിധികള്‍ അടുത്തകാലത്ത് കോടതികളില്‍ നിന്ന് വന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. 


ചിലപ്പോള്‍ വിധിക്ക് ആധാരമാകുന്നത് പലപ്പോഴും അതാത് സര്‍ക്കാരുകളുടെ നിലപാടാണ്. ശബരിമല വിഷയത്തില്‍ ഇപ്പോഴും അവസരം ഉണ്ട്. കിട്ടിയ അവസരം എന്ന നിലയ്ക്ക് കോടതി വിധി ധൃതി പിടിച്ച്‌ നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ശരിയല്ല. വിധിയിലെ പോരായ്മകള്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയിലൂടെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരണം. ജനഹിതം പ്രതിഫലിക്കേണ്ടത് പാര്‍ലമെന്‍റിലും നിയമസഭകളിലുമാണ്. കോടതി നിയമമാണ് വ്യാഖ്യാനിക്കുന്നത്. നിയമത്തിലെ പോരായ്മകള്‍ പരിശോധിച്ച്‌ തിരുത്തേണ്ടത് പാര്‍ലമെന്‍റിലും നിയമസഭകളിലുമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. അതെല്ലാം കൂട്ടിയോജിപ്പിച്ച് പോകേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


ശബരിമല വിഷയത്തില്‍ കോടതി വിധി എന്നതിനേക്കാള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നിലപാടാണ് പ്രശ്‌നമായത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.