Muttil forest robbery case: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ
ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്
കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾ ഹൈക്കോടതിയിൽ (High court) മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് പ്രതികൾ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. മേപ്പാടി റേഞ്ച് ഓഫീസറുടെ (Forest range officer) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകളിലാണ് ജാമ്യ ഹർജി നൽകിയത്.
റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു. വനംവകുപ്പ് (Forest department) ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചാണ് മരങ്ങൾ മുറിച്ചത്. അതിനാൽ തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം
അതേസമയം, മുട്ടിൽ മരംമുറിക്കേസ് അന്വേഷണ സംഘത്തിൽ നിന്നും ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റി. പകരം പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണന് ചുമതല നൽകി. മുട്ടിൽ മരംമുറിക്കേസിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത് ഡിഎഫ്ഒ ധനേഷ് കുമാറാണ്. മുറിച്ച് കടത്തിയ മരം തൃശൂരിൽ നിന്ന് കണ്ടെത്തിയതും ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഡിഎഫ്ഒ ധനേഷ് കുമാറിനെ മരംമുറിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രി (Minister) എകെ ശശീന്ദ്രൻ. ധനേഷ് കുമാറിന് തൃശൂർ-എറണാകുളം ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്നവർ അവർക്ക് ബന്ധമുള്ള അതാത് ജില്ലകളിൽ ഉണ്ടാകാൻ പാടില്ല. അതിനനുസരിച്ചാണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. സദുദ്ദേശപരമായ ഈ തീരുമാനത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ALSO READ: അനധികൃതമായി മരംമുറിച്ച് കടത്തിയ കേസിൽ ഇടുക്കിയിൽ അന്വേഷണം ആരംഭിച്ചു
മുട്ടിൽ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിൻ ധനേഷിന് കോഴ നൽകിയതായി ആരോപണം ഉന്നയിച്ചിരുന്നു. പ്രതിയുടെ ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമായിരിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അതേസമയം, തൃശൂരിലും വൻ വനംകൊള്ള നടന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മുറിച്ച മരങ്ങൾ കടത്തിയിരുന്നത് അനധികൃത പാസുകൾ ഉപയോഗിച്ചാണ്.
അതേസമയം, മരംമുറിക്കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഉത്തരവ് ഇറങ്ങില്ല. മുഖ്യമന്ത്രിക്ക് വനംകൊള്ളക്കാരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. വനംകൊള്ളയെപ്പറ്റി സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണം. കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിക്കുന്നതുപോലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.