`മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്, ഇത് യു.പി.യല്ല, കേരളമാണ്`; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി എംവി ജയരാജൻ
MV Jayarajan: വിസിമാരെ പുറത്താക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വിമര്‍ശിച്ചു.
തിരുവനന്തപുരം: സര്‍വകലാശാല വിസിമാരോട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടതിനെതിരെയാണ് എം വി ജയരാജൻ വിമർശനം ഉന്നയിച്ചത്. വിസിമാരെ പുറത്താക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു.
മിസ്റ്റർ ആരിഫ് മുഹമ്മദ്ഖാൻ, ഇത് കേരളമാണ് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് എം വി ജയരാജൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങുമെന്നും ഗവര്‍ണറുടെ ഈ തന്ത്രം ജനങ്ങളെ അണിനിരത്തി തടയുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. ആര്‍എസ്എസുകാരുടെ കോടതിയില്‍ കാവി വസ്ത്രം ധരിച്ചുകൊണ്ട് ജഡ്ജിയായി ഗവര്‍ണര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
എം വി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സർവ്വകലാശാലകളുടെ അന്തകനായി ചാൻസലർ മാറി എന്ന് തെളിയിക്കുന്നതാണ് 9 വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ആരിഫ് മുഹമ്മദ് ഖാനെന്ന ആർഎസ്എസ്സുകാരൻ വിചാരധാരയെ ഭരണഘടനയായും മനുസ്മൃതിയെ സർവ്വകലാശാലാ നിയമമാക്കിയും ചാൻസലർ പദവിയിലിരുന്ന് ഭരിക്കുകയാണ്. കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ ഗവർണറെ നിയോഗിച്ചത്. അത് സർവ്വകലാശാലകളെ തകർക്കാനല്ല, പുരോഗതിയിലേക്ക് നയിക്കാനാണ്. കേരള സർവ്വകലാശാലയിലെ എക്‌സ്ഒഫീഷ്യോ സെനറ്റ് അംഗങ്ങളെ അടക്കം പിരിച്ചുവിട്ട് പുതിയ പതിനഞ്ച് ആർഎസ്എസ്സുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. എന്നിട്ടും പഠിച്ചില്ല. 9 വൈസ് ചാൻസലർമാരെ നീക്കി അവിടെ ആർഎസ്എസ്സുകാരെ കുടിയിരുത്താനുള്ള കുടിലതന്ത്രവുമായി മുന്നോട്ട് പോവുകയാണ്. അത് ജനങ്ങളെ അണിനിരത്തി തടയുക തന്നെ ചെയ്യും.
ഗവർണർ സുപ്രീംകോടതി ജഡ്ജിയല്ല. ആർ എസ് എസുകാരുടെ കോടതിയിൽ കാവി വസ്ത്രംധരിച്ചുകൊണ്ട് ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ ജനങ്ങൾക്ക് ബാധ്യതയില്ല. ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയർത്താനാണ് എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. വിജ്ഞാനസമ്പദ് വ്യവസ്ഥയെന്ന കാഴ്ചപ്പാടും മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതുമെല്ലാം അതിന്റെ ഭാഗമാണ്. നാക് പരിശോധനയിൽ കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്ക് ഉയർന്ന ഗ്രേഡുകൾ നേടാൻ കഴിഞ്ഞു. ചാൻസലറുടെ കഴിവുകൊണ്ടല്ല, സർക്കാറിന്റെയും സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെയും സിണ്ടിക്കേറ്റുകളുടെയും അക്കാദമിക് സമൂഹത്തിന്റെയും കഠിന പരിശ്രമത്തിന്റെ നേട്ടമാണത്. അതെല്ലാം തകർക്കുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുക എന്ന ആർ എസ് എസ് അജണ്ട, ജെ എൻ യു അടക്കമുള്ള വിവിധ കേന്ദ്രസർവകലാശാലകളിൽ സംഘപരിവാർ നടപ്പാക്കാൻ ശ്രമിച്ചുവരികയാണ്. എന്നാൽ കേരളത്തിൽ ഇതുവരെ ആ നീക്കം വിജയിച്ചില്ല. ആരിഫ് മുഹമ്മദ്ഖാനെ പ്രാദേശിക ആർ എസ് എസ് നേതാവിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത് ആർ എസ് എസ് മേധാവിതന്നെയാണ്. ഇക്കൂട്ടർ നടത്തിയ ഗൂഢാലോചനയാണ് സെനറ്റ് അംഗങ്ങളെയും വി സിമാരെയും പിരിച്ചുവിടാനുള്ള നോട്ടീസുകൾ. മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, ഇത് യു പിയല്ല, കേരളമാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാൻ വിദ്യാഭ്യാസ രംഗത്തുള്ളവർ മാത്രമല്ല, കേരളമാകെ രംഗത്തിറങ്ങും. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ വരുംദിനങ്ങളിൽ വളർന്നുവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...