ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖത്തിനും സൗകര്യങ്ങൾക്കും ,നൂറ്റാണ്ടുകളുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ കഥ പറയാനുണ്ട് അങ്ങനെ 323 വർഷത്തെ ഇംഗ്ലീഷ് കൊളോണിയലിസത്തിന്‍റെ ചരിത്രം കുടികൊള്ളുന്ന തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ടയിലേക്കാണ് ഇത്തവണത്തെ യാത്ര. പതിവിന് വിപരീതമായി തെളിഞ്ഞ കാലാവസ്ഥയാണ് എവിടെയും. പിണങ്ങിപ്പോയ കാമുകിയെ പോലെ മഴ എന്നെ ഒറ്റക്കാക്കി പോയിരിക്കുന്നു. എന്തായാലും ഒറ്റക്ക് എങ്കിൽ ഒറ്റക്ക് എന്ന് തീരുമാനിച്ഛ് അഞ്ചുതെങ്ങ് കോട്ട കാണാൻ യാത്ര തുടങ്ങി . കഴക്കൂട്ടം കഴിഞ്ഞാൽ പിന്നെ വളരെ മികച്ച റോഡാണ് . ഇരു വശങ്ങളിൽ കടലും പച്ചപ്പും നിറഞ്ഞ സുന്ദരമായ തീരദേശ ഗ്രാമങ്ങളിലൂടെ ഹോണ്ട ആർ എസ് 350 കുതിച്ചു. ഗ്രാമങ്ങളും ഗ്രാമ വീഥിയും എല്ലം സുന്ദരമാണ്, ഒരുവേള ഇത് നമ്മുടെ നാട് തന്നെയാണോ എന്ന സംശയം എന്നിൽ ഉടലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING


നിഷ്കളങ്കവും സുന്ദരവുമായ ഗ്രാമങ്ങളും പെരുമാതുറ കടൽപാലവും പിന്നിട്ട്  ഏതാണ്ട് മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ  അഞ്ചുതെങ്ങ് എത്തി. മുന്നൂറ്റി ഇരുപത്തിമൂന്ന് വർഷത്തെ ചരിത്രം പേറി തലയുയർത്തി അഞ്ചു തെങ്ങ് കോട്ട ഞങ്ങളെ വരവേറ്റു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇംഗ്ലീഷ് അധിനിവേശത്തിന്‍റെ ആദ്യ പടിയായ അഞ്ചുതെങ്ങ് കോട്ടയിലൂടെ ഞാൻ നടന്നു,നൂറ്റാണ്ടുകൾ പിന്നിലേക്ക്. ദേശീയ പുരാവശ്തു വകുപ്പിന്‍റെ സംരക്ഷണയിൽ ഉള്ള കോട്ടയുടെ അകം എല്ലാം വ്യത്തിയോടെയും ഭംഗിയോടെയും സംരക്ഷിച്ചിട്ടുണ്ട്. കാഴ്ചകൾ കണ്ട് ഞാൻ നടന്നു,മുകളിൽ എത്തുമ്പോൾ പീരങ്കിയും മറ്റും സ്ഥാപിച്ചിരുന്ന ഭാഗം കാണാം. എന്നാൽ ചില സ്ഥലത്ത് നമ്മൾ മലയളികളുടെ സ്ഥിരം ചെയ്തിയായ പേര് കോറിയിടൽ കാണാം, ഇത്രയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ഭംഗി നശിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാൻ തയ്യാറാവണം.



അപൂർവ്വ ചരിത്ര നിര്‍മ്മിതി കാണാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പുൽതകിടിയിൽ ഇരുന്നും സെൽഫി ഒക്കെ എടുത്തും സമയം ചിലവഴിച്ചാണ് ഏവരും മടങ്ങുന്നത്. കോട്ടയിൽ ഒരു തുരങ്കം ഉണ്ട്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ആ തുരങ്കം വഴിയാണ് ചരക്ക് കയറ്റിയിറക്കിയിരുന്നത്, പല സമയത്തായി വളർത്തുമൃഗങ്ങളും മനുഷ്യരും കുടുങ്ങിയ സാഹചര്യം ഉണ്ടായത് കാരണം തുരങ്കം പിന്നീട് അടയ്ക്കുകയുണ്ടായി. എന്തായാലും കോട്ടയുടെ കാഴ്ചകൾ ഞാൻ വേണ്ടുവോളം കണ്ട് ആസ്വദിച്ചു.



അഞ്ചുതെങ്ങ് കോട്ടയ്ക്ക് അടുത്താണ് 130 അടി ഉയരമുള്ള ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്,കോട്ട പണിതപ്പോൾ തന്നെ ചരക്ക് കയറ്റി വരുന്ന കപ്പലുകൾക്ക് ദിശ കാട്ടാൻ ബ്രിട്ടീഷുക്കാർ പണിതതാണ് ഈ ലൈറ്റ് ഹൗസ്,വൈകിട്ട് 3 മണി മുതൽ 5 വരെയാണ് പ്രവേശനം. 20 രൂപ ടിക്കറ്റ് എടുത്ത് നമുക്ക് മുകളിലേക്ക് പോകാൻ സാധിക്കും. 10 നിലയുള്ള ലൈറ്റഹൗസിന് മുകളിലേക്ക് ഞാൻ കയറി. കയറേണ്ടത് ഇടുങ്ങിയ ഒരു ഗോവണിയിലൂടെയായിരുന്നു. എറ്റവും മുകളിലേക്ക് കയറുന്നത് ഉയരക്കാരെ സംബന്ധിച്ച് അൽപ്പം പാടാണ്, ആ ചെറിയ വാതിലിലൂടെ ഞാൻ മുകളിൽ എത്തി. മുകളിൽ നിന്നുള്ള കാഴ്ചകൾ, അവിസ്മരണീയമാണ്,അറബികടലും,സഹ്യന്‍റെ പച്ചപ്പും ചേരുന്ന മായകാഴ്ച.


ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നമ്മുടെ കൊച്ചു കേരളത്തിനെ എന്തുകൊണ്ട് വിളിക്കുന്നു എന്ന് അപ്പോൾ മനസിലാവും. 10 മിനിറ്റ് സമയം മാത്രമേ മുകളിൽ ചിലവഴിക്കാൻ അനുവാദം ഉള്ളു, എന്തായാലും ആ സമയം കൊണ്ട് തന്നെ കാഴ്ചകൾ കണ്ണിലും ക്യാമറയിലും പകർത്തി കഴിഞ്ഞിരുന്നു. പിന്നാട് ഞങ്ങൾ താഴേക്ക് ഇറങ്ങി  ഇനിയും വരാം എന്ന പ്രതീക്ഷയോടെ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.