തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശത്തിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപഘോഷയാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേരൽ, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കൽ, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും  തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് നാമജപ ഘോഷയാത്ര നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസെടുത്ത നടപടിക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വൈസ് പ്രസിഡന്റ് എം സംഗീത് കുമാറും രംഗത്തുവന്നു. കേസിനെ നിയമപരമായി നേരിടുമെന്നും വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും എൻഎസ്എസ് നേതൃത്വം പറഞ്ഞു.അതേസമയം, ഷംസീർ പ്രസ്താവന തിരുത്തിയാൽ വിവാദം അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാടെടുത്തു. വിവാദത്തിൽ രാഷ്ട്രീയ സംവാദത്തിനില്ലെന്നും സതീശൻ പറയുന്നു. ആദ്യഘട്ടത്തിൽ മൗനം തുടർന്ന കോൺഗ്രസ് വിവാദം രാഷ്ട്രീയപരമായി ചർച്ചയായതോടെയാണ് മൗനം വെടിഞ്ഞ് പ്രതികരണത്തിന് പോലും തയ്യാറായത്. പിന്നാലെ, കെപിസി അധ്യക്ഷനും പ്രസ്താവനയുമായി രംഗത്ത് വന്നു. 


ALSO READ: സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി വിനയന്റെ പരാതിയിൽ


പരാമർശം പിൻവലിക്കില്ലെന്നും സ്പീക്കർ മാപ്പ് പറയേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ പറഞ്ഞതോടെ സിപിഎം നിലപാട് വ്യക്തമായിട്ടുണ്ട്. വിവാദത്തെ അവഗണിച്ചു വിടുകയാണ് വേണ്ടതെന്നും ചില നിക്ഷിപ്ത താല്പര്യമുള്ളവരുടെ ലക്ഷ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണെന്നും സിപിഎം വിലയിരുത്തുന്നു. എന്നാൽ, വിശ്വാസികളുടെ വിഷയത്തിൽ സർക്കാരിനും ഇതേ അഭിപ്രായമാണോ എന്നുള്ളതാണ് എൻഎസ്എസ് ചോദിക്കുന്നത്. വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ പ്രതികരണവും ഇന്ന് പുറത്തു വന്നു. ചിലർ പറയുമ്പോൾ വിവാദമാകുന്നു എന്നും മറ്റുചിലർ പറയുമ്പോൾ വിവാദമാകുന്നില്ലെന്നുമായിരുന്നു കെ രാധാകൃഷ്ണൻ പറഞ്ഞത്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുകയാണ് സർക്കാർ നിലപാടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. 


വിഷയത്തിൽ മുഖ്യമന്ത്രി ഇനിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ, വിഎച്ച്പി നേതാവ് വിജി തമ്പി, ആർഎസ്എസ് നേതാവ് സേതുമാധവൻ, അയ്യപ്പസേവാസമാജം പ്രതിനിധി എസ് ജെ ആർ കുമാർ എന്നിവർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി  ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കേസെടുക്കേണ്ടത് ഷംസീറിനെതിരെയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഈ വാർത്താപകൽ രംഗത്തെത്തി. ധിക്കാരപരമായ സമീപനമാണ് സർക്കാരിന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറപ്പെടുത്തൽ.


അതിനിടെ, നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് പരാതി നൽകി. സ്പീക്കർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ ശാസ്ത്രത്തെ പ്രചരിപ്പിക്കണമെന്ന പ്രസംഗവുമായി ഷംസീർ ഇന്ന് വീണ്ടും രംഗത്തെത്തി. ശാസ്ത്രം സത്യമാണെന്നും ആധുനിക ഇന്ത്യയിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടതാണ് അനിവാര്യമാണെന്നും അത് മതവിശ്വാസത്തെ തള്ളല്ലല്ലെന്നും പ്രതികരണം. വിവാദ പരാമർശം ചർച്ചയാകുന്നതിനിടെയാണ് വീണ്ടും പ്രതികരണവുമായി സ്പീക്കർ രംഗത്തെത്തിയതെന്നുള്ളതും ശ്രദ്ധേയമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.