പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ കാട്ടാന  ചെരിഞ്ഞ സംഭവത്തില്‍  ഇടപെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തില്‍  സ്വമേധയാ കേസെടുത്ത ഹരിത ട്രൈബ്യൂണല്‍  അന്വേഷണത്തിനായി  സമിതിയെയും  നിയോഗിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്  NGT അന്വേഷണ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.  


ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ  ജസ്റ്റിസ് കെ രാമകൃഷ്ണന്‍, സെയ്ബല്‍ ദാസ് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.  വന്യമൃഗ സംരക്ഷണത്തിന്‍റെ  മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും  NGT അഭിപ്രായപ്പെട്ടു.


സംഭവവുമായി ബന്ധപ്പെട്ട് പരിസ്ഥിതി വനം മന്ത്രാലയം, കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍  എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 


അതേസമയം, യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനും ,വന്യജീവികളെ സംരക്ഷിക്കുന്നതിനായി മനുഷ്യ-മൃഗങ്ങളുടെ സംഘര്‍ഷം കുറയ്ക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ പഠിക്കുന്നതിനായി സംയുക്ത സമിതിയെ നിയോഗിക്കുന്നത് ഉചിതമാണെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. അടുത്ത ജൂലൈ 10ന് വിഷയം വീണ്ടും ട്രൈബ്യൂണല്‍ പരിഗണിക്കും.


പാലക്കാട്  സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലാണ്  പൈനാപ്പിള്‍ കഴിച്ച്‌ ആനയ്ക്ക് അപകടമുണ്ടായത്.  മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. 
വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് വായില്‍ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികാളോ  വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി ദിവസങ്ങളോളം നിൽക്കുകയായിരുന്നു ആന.  രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്. ഗര്‍ഭിണിയായ ആനയുടെ മരണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.


മണ്ണാർക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് ഈ കൊ‌ടുംക്രൂരത ഫേസ്ബുക്ക് പേജിലൂടെ  പങ്കുവച്ചത്.  ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലാവുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.