Nayana Sooryan Death: നയന കേസ് ക്രൈംബ്രാഞ്ചിന്; നടപടി കൊലപാതകമെന്ന സംശയത്തെ തുടർന്ന്
നയന സൂര്യൻറെ മരണം കൊലപാതകം ആണോ എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
യുവ സംവിധായക നയന സൂര്യന്റെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊലപാതകമെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എഡിജിപി എം.ആർ. അജിത്ത് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. നയന സൂര്യന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കേസ് പുനരന്വേഷിക്കണമെന്ന് കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നടപടി വരുന്നത്. നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയ ആണ് നയന സൂര്യന്റെ മരണത്തിന് കാരണം എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നയനയുടെ മരണത്തിന് കാരണം കഴുത്ത് ഞെരിഞ്ഞതാണെന്നായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. ഇതിനെ സാധൂകരിക്കുന്നതിനായി ഫോറൻസിക് റിപ്പോർട്ടിൽ സ്വയം പീഡനരോഗാവസ്ഥ കെട്ടിച്ചമച്ചതാണോയെന്ന സംശയവും ഉയർന്ന് വന്നിരുന്നു. പോലീസ് മരണത്തിൽ ദുരൂഹതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു.
മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അടിവയറ്റിൽ ചവിട്ടേറ്റത് പോലുള്ള ക്ഷതമുണ്ട്. ആന്തരാവയവങ്ങളിൽ രക്തസ്രാവമുണ്ടായി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടിയ അവസാനിപ്പിക്കുകയായിരുന്നു. പ്രമേഹരോഗിയായ നയന ഷുഗർനില കുറഞ്ഞ് തളർന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...