തിരുവനന്തപുരം: കായല്‍ കൈയേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി പരാതി നല്‍കിയ എന്‍സിപി യുവജന വിഭാഗം പ്രസിഡന്റ് മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേരളത്തിന്റെ ചുമതലയുള്ള എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഈ അച്ചടക്ക നടപടിയെടുത്തത്. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയേയും മന്ത്രിയേയും വിമര്‍ശിച്ചതിനാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ കോഴിക്കോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തോമസ് ചാണ്ടിയുടെ നിയമലംഘനം പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും അന്വേഷിക്കണമെന്ന് മുജീബ് ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകുമെന്നും മുജീബ് പറഞ്ഞിരുന്നു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ അഴിമതിയാണെന്നും മുജീബ് പറഞ്ഞു.ഈ വിഷയത്തില്‍ മൂന്നു ജില്ലാ കമ്മിറ്റികളോടു വിശദീകരണം ആവശ്യപ്പെടുമെന്നു പറഞ്ഞതിന് പിന്നാലെയാണ് മുജീബ് റഹ്മാനെ പുറത്താക്കിയത്.


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുജീബ് നിലവില്‍ എന്‍സിപി ദേശീയ സമിതി അംഗം, നാഷണലിസ്റ്റ് ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുജീബ് വ്യക്തമാക്കി.
നേരത്തെ മുജീബിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ തോമസ് ചാണ്ടി രാജി വെക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.


തോമസ് ചാണ്ടി അഴിമതി നടത്തിയതിനു തെളിവില്ലെന്നും ഇത്തരം അനാവശ്യമായ ആരോപണങ്ങളില്‍ എന്‍സിപി നടപടിയെടുക്കേണ്ടതില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി എപ്പോഴും തോമസ് ചാണ്ടിയോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപടിയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരമുണ്ടെന്നും മാസ്റ്റര്‍ പറഞ്ഞു.വിഷയത്തില്‍ പാര്‍ട്ടിയെയും മന്ത്രിയേയും ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശിച്ചതിന് കോഴിക്കോട് ഉള്‍പ്പെടെയുള്ള മൂന്നു ജില്ലകളോട് വിശദീകരണം തേടുമെന്നുംപീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കയ്യേറ്റം നടത്തിയതിനു തെളിവില്ലെന്നും എല്ലാം ചാനല്‍ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച്‌ ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം. ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായിരുന്നു.