തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കേരളത്തിലെ എന്‍.ഡി.എ ഘടകം ഔദ്യോഗികമായി നിലവില്‍ വന്നു.  കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് എന്‍.ഡി.എ പ്രഖ്യാപനം നടത്തിയത്. രാവിലെ 10ന് ഹോട്ടല്‍ താജ് വിവാന്റയിലായിരുന്നു  പരിപാടി .കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും ഘടകകക്ഷി നേതാക്കളായ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ് തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവിന്റെ  പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ എന്‍.ഡി.എ പ്രവേശനവും ഇന്ന് നടന്നു.കേരളത്തിലെ എന്‍.ഡി.എ യില്‍ ബി.ഡി.ജെ.എസ്,കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം, ജെഎസ്എസ് രാജന്‍ബാബു വിഭാഗം  എന്നിവരുള്‍പ്പെടെ 10 പാര്‍ട്ടികളാണ് ഉള്ളത്.  ആദ്യമായാണ് മുന്നണി അടിസ്ഥാനത്തില്‍ കേരളത്തില്‍ ബി.ജെ.പി മത്സരിക്കുന്നത്.


കേരളത്തിലെ എൻ.ഡി.എ മുന്നണിയുടെ പ്രകടന പത്രികയായ ദർശന രേഖയും അരുണ്‍ജെയ്റ്റ്‌ലി പുറത്തിറക്കി.ദർശനരേഖ കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറയുന്ന മദ്യനയം പുതിയതായി ബാറുകള്‍ക്ക് അനുമതി നല്കില്ലെന്നും ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്നും വാഗ്ദാനം ചെയ്യുന്നു.രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, ശ്രീനാരായണ ഗുരു  പാര്‍പ്പിട പദ്ധതി, പത്താക്ലാസ് പാസായ ആദിവാസികള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ തുടങ്ങിയവയാണ് വികസനരേഖയിലെ പ്രധാന വാഗ്ദാനങ്ങള്‍
ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാർട്ട്അപുകളും തുടങ്ങുമെന്നും  നയരേഖയിലുണ്ട്.



കേരളത്തില്‍ മൂന്നാംമുന്നണി ശക്തി പ്രാപിക്കുമെന്നും അതോടെ ദേശീയ തലത്തിലെന്ന  പോലെ കേരളത്തിലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിക്കുന്ന  അവസ്ഥയുണ്ടാവുമെന്നും  വികസനരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്ന അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.