Nenmara Double Murder: `കുറ്റബോധമില്ല, കൃത്യം ചെയ്തതിൽ ചെന്താമര സന്തോഷവാൻ`; പാലക്കാട് എസ് പി

പ്രതി ചെന്താമരയിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ടെന്നും പാലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയ്ക്ക് കുറ്റം ചെയ്തതിൽ കുറ്റബോധമില്ലെന്ന് പാലക്കാട് എസ്പി അജിത് കുമാർ. കൃത്യം ചെയ്തതിൽ പ്രതി സന്തോഷവാനാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് ഇയാളുടെ മൊഴി വിശദീകരിച്ചത്. ഇയാളെ ഇന്ന് കോടതിയൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകും. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണമെന്നും പ്രതിയിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പുറത്ത് വിടാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. അതിവേഗം വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു.
പല കാര്യങ്ങളും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിയ്ക്കാണ് കൊല നടന്നത്. ശേഷം ഇയാൾ സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോകുകയും രണ്ട് ദിവസം അവിടെ നിൽക്കുകയും ചെയ്തു. ഇവിടെ നിന്നും ഇയാൾ പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് പ്രതി. ഭക്ഷണം കിട്ടാതായതാണ് പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു. പ്രതിക്ക് 2019 മുതൽ സുധാകരന്റെ കുടുംബത്തോട് വൈരാഗ്യമുണ്ട്. ഇയാളുടെ ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് കരുതിയാണ് പ്രതി കൃത്യം നടത്തിയത്.
Also Read: Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ
മന്ത്രവാദികളെ കണ്ടിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ അത് വിശ്വാസത്തിലെടുത്തിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. പ്രതി ആയുധം നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു. ഇയാൾ വിഷം കഴിച്ചുവെന്ന് പറഞ്ഞത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. ശരീരത്തിൽ മുള്ളുവേലി ചാടിക്കടന്നതിൻ്റെ പാടുകളുണ്ട്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നുണ്ട്. ഇയാൾ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ കഴിയുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. കൊല നടന്നതിന്റെ തലേ ദിവസം സുധാകരനും പ്രതിയുമായി തർക്കം ഉണ്ടായിരുന്നു. സുധാകരൻ്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാൻ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ചെന്താമര. എന്നാല രണ്ട് മാസം മുമ്പ് ഈ ജോലി നഷ്ടപ്പെടുകയും ശേഷം ഇവിടേക്ക് വരികയുമായിരുന്നു. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. അതേസമയം സംഭവത്തിൽ നെൻമാറ പൊലീസിൻ്റെ വീഴ്ചയിൽ കൂടുതൽ അന്വേഷണമുണ്ടാകും. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതി. പ്രതിക്ക് മൂന്ന് ഫോൺ ഉണ്ട്. പ്രതി എസ്എസ്എൽസി പാസായിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.