Heavy rain | പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അതിശക്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം (Low pressure) രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് ശക്തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഇതിന്റെ ഫലായി തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് (Heavy rain) കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് (13 നവംബർ 2021) രാവിലെ 8.30 ന് ന്യൂന മർദ്ദം രൂപപ്പെട്ടതായാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് നവംബർ 15 ഓടെ വടക്ക് ആൻഡമാൻ കടലിലും തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ആന്ധ്രാ തീരത്ത് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വടക്കൻ തമിഴ്‌നാടിനും സമീപപ്രദേശത്തുമായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന തെക്ക് -കിഴക്കൻ അറബിക്കടലിലും നാളെ (നവംബർ 14) വരെയും ഗൾഫ് ഓഫ് മാന്നാറിലും കന്യാകുമാരി പ്രദേശത്തും ഇന്ന് (നവംബർ 13) വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും മറ്റ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരത്ത് അതിശക്തമായ മഴയാണ് തുടരുന്നത്. നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നെയ്യാറ്റിൻകരയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണു. ഇതോടെ പാലം അപകടാവസ്ഥയിലായി. വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...